മാണി രാജിവച്ചേക്കും, പക്ഷേ പിന്തുണ പിന്‍വലിയ്ക്കില്ല?
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനകാര്യമന്ത്രി കെ എം മാണി രാജിവയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. രാജി വച്ചശേഷവും യുഡിഎഫ് സര്‍ക്കാരിനെ കേരള കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയുടെ ഉന്നതാധികാര യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേയ്ക്കുമെന്നാണ് സൂചന. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ട്ടിയിലെ എംഎല്‍എ മാര്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗമാണ് പാര്‍ട്ടിചെയര്‍മാന്‍ കൂടിയായ മാണിയുടെ രാഷ്ട്രീയ സംശുദ്ധി തെളിയിക്കാന്‍ മന്ത്രിസ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് അഭിപ്രായപ്പെടുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്ക്കരുതെന്നും ആവശ്യമുണ്ടത്രേ. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഉന്നതാധികാര സമതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേയ്ക്കുമെന്നാണ് അറിയുന്നത്.

എംഎല്‍എമാര്‍ ഉള്‍പ്പടെ പതിനാല് പേര്‍ മാത്രം പങ്കെടുക്കാറുള്ള ഉന്നതാധികാരയോഗത്തിലേയ്ക്ക് ഇത്തവണ ജില്ലപ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പങ്കെടുപ്പിയ്ക്കുന്നുണ്ട്. കെഎം മാണിയും, പിജെ ജോസഫുമാണ് കേരള കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍.
യുഡിഎഫ് വിടുമെന്ന പ്രചാരണം കേരള കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനാണെന്നുമാണ് എംഎല്‍എമാര്‍ പറയുന്നത്. പാര്‍ട്ടിയുടെ നിലപാട് അധികാരത്തിന് വേണ്ടിയല്ലെന്നും ആവശ്യമെങ്കില്‍ അധികാരം ത്യജിയ്ക്കാനും തയ്യാറാണെന്നും ബോധ്യപ്പെടുത്താനാണ് മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞു പുറത്തുനിന്നു പിന്തുണ എന്ന ആലോചന.












Click it and Unblock the Notifications