കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കോ? കെഎം മാണി മനസ് തുറക്കുന്നു
കൊച്ചി: കേരളാ കോണ്‍ഗ്രസ് വീണ്ടും യുഡിഎഫിലെത്തുമെന്ന പ്രചാരണം വ്യാപകമാണ്. ബാര്‍ കോഴ വിഷയത്തില്‍ ഉടക്കി മുന്നണി വിട്ട മാണി വീണ്ടും യുഡിഎഫില്‍ തിരിച്ചെത്തുമെന്നാണ് പ്രചാരണം. എന്നാല്‍ കെഎം മാണി തന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി രംഗത്തെത്തി.
ഇപ്പോള്‍ യുഡിഎഫിലേക്ക് പോകാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി പ്രവേശനത്തിനായി ആര്‍ക്കും അപേക്ഷ നല്‍കി കാത്തിരിക്കുന്നില്ലെന്നും മാണി പറഞ്ഞു.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിനെ പിന്തുണയ്ക്കുമെന്ന് മാണി പറഞ്ഞു. എന്നാല്‍ ഇത് മുന്നണി പ്രവേശനത്തിനുള്ള തുടക്കമായി കരുതേണ്ട. കേരളാ കോണ്‍ഗ്രസിനോട് അനുഭാവം കാണിച്ച എല്ലാ പാര്‍ട്ടികളോടും ആദരവുണ്ടെന്നും മാണി വ്യക്തമാക്കി.
എന്നാല്‍ വേങ്ങരയില്‍ പ്രചാരണത്തിന് വരുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. മാണിയെ പ്രചാരണത്തിന് വേണ്ടി ക്ഷണിച്ചിട്ടുണ്ടെന്ന് നേരത്തെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞിരുന്നു. മാണി പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയോട് പ്രതികരിച്ചത്.
കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞടുപ്പില്‍ മല്‍സരിച്ചപ്പോള്‍ മാണി പ്രചാരണത്തിന് വന്നിരുന്നു. എന്നാല്‍ ഇത് മുന്നണിയിലേക്കുള്ള വരവിന്റെ സൂചനയല്ലെന്ന് അദ്ദേഹം അന്നുതന്നെ പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു.












Click it and Unblock the Notifications