മാണി നേരത്തേ രാജിവക്കേണ്ടിയിരുന്നു... പുറത്തേക്ക് വഴിതുറന്ന് ജോര്‍ജ്ജ്
കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പിസി ജോര്‍ജ്ജ്. കോഴ വിവാദത്തില്‍ കെഎം മാണി നേരത്തേ രാജിവക്കേണ്ടതായിരുന്നു എന്നാണ് ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
വിവാദത്തിന്റെ തുടക്കത്തില്‍ തന്നെ മാണി രാജിവച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇപ്പോള്‍ സുരക്ഷിതനായി തിരിച്ചുവരാമായിരുന്നു എന്നും ജോര്‍ജ്ജ് പറഞ്ഞു. പാര്‍ട്ടിയിപ്പോള്‍ മണിയടിക്കാരുടെ കയ്യിലാണെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു.

ബാര്‍ കോഴ വിവാദത്തോടെ കേരള കോണ്‍ഗ്രസ് നടുക്കടലില്‍ ആയി. പാര്‍ട്ടിയെ നടുക്കടലിലേക്ക് തള്ളവിട്ടത് ആരെന്ന് കെഎം മാണി വ്യക്തമാക്കണം. ബാര്‍ കോഴ പാര്‍ട്ടിയെ ഈ നിലയില്‍ ആക്കിയെന്നും ജോര്‍ജ്ജ് പറഞ്ഞു.
പാര്‍ട്ടിയിപ്പോള്‍ മണിയടുക്കാരുടെ കയ്യിലാണ്. മണിയടിക്കാര്‍ പറയുന്നതാണ് നേതാക്കള്‍ കേള്‍ക്കുന്നത്- ജോര്‍ജ്ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോട്ടയത്ത് കെഎം മാണിക്ക് നല്‍കിയ സ്വീകരണത്തില്‍ പിസി ജോര്‍ജ്ജ് പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന നടന്ന പാര്‍ട്ടി യോഗത്തിലും ജോര്‍ജ്ജ് പങ്കെടുത്തില്ല. പരിപാടികളില്‍ പിസി ജോര്‍ജ്ജ് പങ്കെടുക്കാത്തത് ഒരു വാര്‍ത്തയേ അല്ലെന്നായിരുന്നു ഈ വിഷയത്തില്‍ കെഎം മാണി പ്രതികരിച്ചത്.
കേരള കോണ്‍ഗ്രസില്‍ പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു പുതിയ ചേരി രൂപീകരിക്കപ്പെട്ടതായി പറയപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജോര്‍ജ്ജ് എല്‍ഡിഎഫിലേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നാണ് കേരള കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications