സഭ ഇടപെട്ട തെരഞ്ഞെടുപ്പ് ജയം; വോട്ടറുടെ പരാതിയിൽ മന്ത്രിപദം പോയി, സുപ്രീം കോടതി ‘തിരികെ കൊടുത്തു’
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറെ വിവാദമായ സംഭവങ്ങളിലൊന്ന് ബിജെപി നേതാക്കളായി പി.സി.ജോർജ് മകൻ ഷോൺ ജോർജ് എന്നിവർ കത്തോലിക്ക സഭക്കെതിരെ നടത്തിയ വിവാദ പ്രസ്താവനകളും രൂക്ഷ വിമർശനങ്ങളുമാണ്. സഭ ഇടപെട്ട ഒരു തെരഞ്ഞെടുപ്പ് ജയം മന്ത്രിസ്ഥാനം വരെ കളഞ്ഞതിനും പിന്നീട് സുപ്രീം കോടതി ഇടപെടലിലൂടെ തിരികെ ലഭിച്ചതിനും രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അരനൂറ്റാണ്ടോളം പാലാക്കാർ നെഞ്ചോട് ചേർത്തുവെച്ച കെ.എം. മാണിയാണ് ഈ അപൂർവ രാഷ്ട്രീയ ചരിത്രത്തിലെ നായകൻ. തെരഞ്ഞെടുപ്പ് ആവേശവും നിയമ കോലാഹലങ്ങളുമൊക്കെ 1977ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിലാണ് അരങ്ങേറിയത്. അടിയന്തരാവസ്ഥയുടെ മുറിവുകൾ ഉണങ്ങിത്തുടങ്ങുന്ന കാലം. കെ.എം. മാണിയായിരുന്നു കോൺഗ്രസും സിപിഐയും നയിച്ച ഐക്യമുന്നണിയുടെ സ്ഥാനാർഥി. പൊതു സ്വതന്ത്രനായി എതിർപക്ഷം അവതരിപ്പിച്ച എൻ.സി. ജോസഫ് ആയിരുന്നു മുഖ്യ എതിരാളി.

കടുത്ത മത്സരമായിരുന്നു അത്. ആര് ജയിക്കുമെന്ന സംശയം ഉടലെടുക്കുംവിധം പ്രചാരണം കൊഴുത്തു. മണ്ഡലത്തിലെ നിർണായക ശക്തിയായ കത്തോലിക്ക സഭ ആരെ പിന്തുണക്കും എന്ന കാര്യത്തിൽ അവ്യക്തതയായിരുന്നു. സ്ഥാനാർഥികൾ രണ്ടു പേരും പാലാ രൂപതക്കാരും പള്ളിയോട് അടുത്തു നിൽക്കുന്നവരുമാണ്. സഭയുടെ പൂർണ പിന്തുണ പതിവുപോലെ മാണിക്കൊപ്പമില്ല എന്ന പ്രചാരണം ഐക്യമുന്നണിയെ ആശങ്കയിലാക്കുകയും ചെയ്തു.
മാർച്ച് 19നാണ് തെരഞ്ഞെടുപ്പ്. മാർച്ച് 12ന് വൈകിട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജോസഫ് തോമസ് മുൻകൈ എടുത്ത് പാലാ ബിഷപ് ഹൗസിൽ വൈദികരുടെയും പ്രമാണിമാരുടെയും യോഗം വിളിച്ചു. മാർ. സെബാസ്റ്റ്യൻ വയലിൽ ആയിരുന്നു ബിഷപ്. പിന്നീട് സഭ മേലധ്യക്ഷനായി ഉയർന്ന മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ സഹായ മെത്രാനും. ഇവർക്കൊപ്പം പ്രമുഖ അബ്കാരി മണർകാട് പാപ്പൻ, എം.സി. ജോസഫ് പടിഞ്ഞാറേക്കര, മാണി സി. കാപ്പൻ എംഎൽഎയുടെ പിതാവ് ചെറിയൻ കാപ്പൻ തുടങ്ങിയ പ്രമുഖരൊക്കെ പങ്കെടുത്തു. രാഷ്ട്രീയ ചർച്ച ആണെന്ന് പലരോടും പറഞ്ഞിരുന്നില്ല. ഭൂപരിഷ്കരണ നിയമത്തെ തുടർന്നു കുടിയേറ്റ കർഷകർ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് മാണിയുടെ ജയം അനിവാര്യമാണെന്ന് ജോസഫ് തോമസ് ഇടക്കിടെ എല്ലാവരെയും ഓർമിപ്പിച്ചതാണ് യോഗത്തിന് രാഷ്ട്രീയ നിറം നൽകിയത്.
മാർച്ച് 20ന് വോട്ടെണ്ണിയപ്പോൾ വൻ ഭൂരിപക്ഷത്തിലായിരുന്നു മാണിയുടെ വിജയം. മാണി 39,664 വോട്ട് നേടിയപ്പോൾ എം.സി ജോസഫിന് 24,807 വോട്ട് നേടാനേ കഴിയുള്ളൂ. കെ. കരുണാകരൻ മന്ത്രിസഭയിൽ മാണി ആഭ്യന്തര മന്ത്രിയായി. ജോസഫ് തോമസ് ഡിജിപിയെ പോലെ വിലസി നടന്നു. അരമനയിലെ യോഗം ജനപ്രാതിനിധ്യ നിയമ വ്യവസ്ഥകൾക്കു വിരുദ്ധവും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് ആരോപിച്ച് മണ്ഡലത്തിലെ വോട്ടറായ പി.ജെ. ആന്‍റണിയാണ് ഹൈകോടതിയെ സമീപിച്ചത്.
ഭരണങ്ങാനം ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനെ കണ്ടു മടങ്ങുംവഴി അരമനയിൽ കയറിയെന്നേയുള്ളു എന്നായിരുന്നു ജോസഫ് തോമസിന്‍റെ വാദം. 1977 ഡിസംബർ 21ന് മാണിയുടെ തെരഞ്ഞെടുപ്പ് ജയം ഹൈകോടതി അസാധുവാക്കി. ജനപ്രാതിനിധ്യ നിയമം 129ാം വകുപ്പ് പ്രകാരം ചട്ടലംഘനം ചൂണ്ടിക്കാണിച്ചു വിധി പറഞ്ഞ ഹൈകോടതി പക്ഷേ, എം.സി ജോസഫിനെ വിജയിയായി പ്രഖ്യാപിച്ചില്ല.
തുടർന്ന് മാണി മന്ത്രിപദം രാജിവെച്ചു. പി.ജെ. ജോസഫ് ആഭ്യന്തര മന്ത്രിയായി. എന്നാൽ, സുപ്രീംകോടതി മാണിക്ക് ഒപ്പമായിരുന്നു. 1978 ഡിസംബർ 12ന് ഹൈകോടതി വിധി റദ്ദാക്കി സുപ്രീം കോടതി മാണിയുടെ ജയം ശരിവെച്ചതോടെ ജോസഫ് ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞു. മാണി വീണ്ടും മന്ത്രികസേരിയിലെത്തി.












Click it and Unblock the Notifications