സ്വർണ്ണക്കടത്തിൽ ഒരു കാക്കാന്റെ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാൽ പിന്നെ! തുറന്നടിച്ച് കെഎം ഷാജി
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് അടക്കം നാട്ടിൽ എന്ത് പ്രശ്നം നടന്നാലും അത് മുസ്ലീം സമുദായത്തിൽ ചെന്നെത്തിക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. തികഞ്ഞ ഇസ്ലാമോഫോബിയയും വംശീയതയും ആണ് ഇതെന്നും കെഎം ഷാജി കുറ്റപ്പെടുത്തി.
സ്വർണ്ണക്കടത്തെന്ന് പറഞ്ഞാൽ അതിൽ ഒരു കാക്കാന്റെ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാൽ പിന്നെ പണി എടുക്കാൻ ആളു കൂടും എന്നും കെഎം ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ സംഘികളും സഖാക്കളും ഒരുപോലാണെന്നും ഷാജി തുറന്നടിച്ചു.

ആ കുറ്റി ആണ് മുസ്ലിം കമ്മ്യൂണിറ്റി
കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' നമ്മുടെ നാട്ടിൽ എല്ലാ പൊതു പ്രശ്നങ്ങളും കൊണ്ടു പോയി കെട്ടാനായി ഒരു കുറ്റി തറച്ച് വെച്ചിട്ടുണ്ട്; അഴിമതി, കള്ളക്കടത്ത്, കൊലപാതകം, ആയുധങ്ങൾ പിടിക്കുന്നത് തുടങ്ങി എല്ലാ ക്രൈമുകളും എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന ആ കുറ്റി ആണ് മുസ്ലിം കമ്മ്യൂണിറ്റി; ഇത് തികഞ്ഞ ഇസ്ലാമോഫോബിയയും വംശീയതയും ആണ്!!
Recommended Video

മതം കുത്തിക്കലക്കലും തീവ്രവാദം ആരോപിക്കലും
പേരും പ്രദേശവുമൊക്കെ ചേർത്ത് നടത്തുന്ന ചെറിയ ടെക്നിക്കിലൂടെ അത് ക്ഷിപ്രസാധ്യമാവുന്നു! ജനാധിപത്യപരമായ സമരങ്ങളെ പോലും തോൽപിക്കാൻ എളുപ്പമായ മാർഗ്ഗം അതിൽ മതം കുത്തിക്കലക്കലും തീവ്രവാദം ആരോപിക്കലും ആണെന്ന് നാം കാണുന്നതാണല്ലോ!! സ്വർണ്ണക്കടത്തെന്ന് പറഞ്ഞാൽ അതിൽ ഒരു കാക്കാന്റെ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാൽ പിന്നെ പണി എടുക്കാൻ ആളു കൂടും.

ഈ കാര്യത്തിൽ നല്ല ഐക്യം
കടുത്ത 'ജനാധിപത്യവാദികളായി' സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നവരുടെ ചാക്കിൽ നിന്ന് പൂച്ച കരയുന്നത് കേൾക്കണമെങ്കിൽ ഈ ഒരു ഇരയെ പുറത്തെവിടെയെങ്കിലും വെച്ചാൽ മതി!! "മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന പൊരിയുന്ന വയറാണു പ്രശ്നം" എന്ന് പകൽ മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റ് ആണെങ്കിലും മതവും ദേശീയതയും കൊണ്ട് കൊത്തും കല്ല് കളിക്കുന്ന സംഘമിത്രങ്ങളാണെങ്കിലും ഈ കാര്യത്തിൽ നല്ല ഐക്യമുണ്ട്.

വ്യത്യാസം മനസ്സിലാവാൻ വല്യ പാടാ
സ്വർണ്ണക്കടത്തിന്റെ വാർത്തകൾ വന്ന ദേശാഭിമാനിയും ജന്മഭൂമിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവാൻ വല്യ പാടാ!! ടി വി സ്ക്രീനിൽ കൈരളിയും ജനവും എംബ്ലത്തിൽ സൂക്ഷിച്ച് നോക്കിയാലേ അറിയൂ!! ഇത് തന്നെയാണ് വംശീയ വെറിയിൽ നിങ്ങൾ സഖാക്കളും സംഘാക്കളും കൂടി കേരളത്തിലും വിളയിച്ചെടുക്കുന്ന ഇസ്ലാമോഫോബിയ!!'' എന്നാണ് കുറിപ്പ്.












Click it and Unblock the Notifications