പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കെഎം ഷാജി: മറുപടിയുമായി കുഞ്ഞനന്തന്റെ മകള്‍
സി പി എം നേതാവും ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായ പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തനെ സി പി എം കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണമാണ് ലീഗ് നേതാവ് ഉന്നയിക്കുന്നത്. മലപ്പുറം കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും അദ്ദേഹം പറയുന്നു. "ഞങ്ങള്‍ക്ക് വേണ്ടത് കൊന്നവനെയല്ല. കൊല്ലാന്‍ ഉപയോഗിച്ചത് കത്തിയാണ്, ബോംബാണ്. അതൊരു ഉപകരണമാണ്. അതുപോലൊരു ഉപകരണമാണ് കൊലപാതകികളായ രാഷ്ട്രീയക്കാരും. പക്ഷെ കൊല്ലാന്‍ പറഞ്ഞവരെ വിടരുത്. കൊല്ലിച്ചവരെ വേണം." കെഎം ഷാജി ആരോപിക്കുന്നു.

"കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. കുറച്ച് ആളുകളെ കൊല്ലാന്‍ വിടും. അവർ കൊന്ന് തിരിച്ച് വരും. കുറച്ച് കഴിഞ്ഞാല്‍ ഇവരില്‍ നിന്നും രഹസ്യം ചോർന്നേക്കുമെന്ന ഭയത്താല്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലപാതക കേസിലെ മൂന്ന് പേരെ കൊന്നത് സി പി എം ആണ്. ഷുക്കൂർ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്" കെഎം ഷാജി പറഞ്ഞു.
ഏഴ് പ്രതികള്‍ക്ക് ചന്ദ്രശേഖനോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയം സി പി എമ്മിനുണ്ടെന്നും കെ എം ഷാജി ആരോപിച്ചു. അതേസമയം കെ എം ഷാജിക്ക് മറുപടിയുമായി പികെ കുഞ്ഞനന്തന്റെ മകള്‍ രംഗത്ത് വന്നു. യു ഡി എഫ് ഭരണകൂടമാണെന്നാണ് മകള്‍ ഷബ്‌ന മനോഹരന്‍ തിരിച്ചടിക്കുന്നത്.
മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഷബ്‌ന ഫേസ്ബുക്കില്‍ കുറിക്കുന്നു. 'മോനേ കെഎം ഷായീ ആ വെള്ളമങ്ങ് മറിച്ചേക്ക്. യു ഡി എഫ് ഭരണകൂടം കൃത്യമായ ചികിൽസ നൽകാത്തതിനാൽ അസുഖം മൂർഛിച്ചത് കാരണമാണ് അച്ഛൻ മരണപ്പെട്ടത് അച്ഛനെ കൊന്നത് യു ഡി എഫ് ഭരണകൂടമാണ്" ഷബ്ന ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications