ഡിവൈഎസ്പിയുമായി അടുത്ത പരിചയം; ചോദ്യം ചെയ്യലല്ല... പോലീസ് ക്ലബ്ബിലെത്തിയ കെപിഎ മജീദ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി പ്രതിയായ കോഴക്കേസില്‍ കെപിഎ മജീദിനെ ചോദ്യം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലല്ല, സൗഹൃദ സംഭാഷണത്തിന് എത്തിയതാണെന്ന് കെപിഎ മജീദ്. കോഴിക്കോട് പോലീസ് ക്ലബ്ബില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് കെപിഎ മജീദിന്റെ വിശദീകരണം. ഒരു കേസുമായും ബന്ധപ്പെട്ടല്ല ഞാന്‍ വന്നത്. ഡിവൈഎസ്പി എന്റെ പരിചയക്കാരനാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണെങ്കില്‍ ഇങ്ങനെ പരസ്യമായി വരാതിരുന്നുകൂടെ എന്നും മജീദ് ചോദിച്ചു.

അതേസമയം, കെഎം ഷാജി പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മജീദിനെ പോലീസ് വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂരില്‍ നിന്നുള്ള വിജിലന്‍സ് സംഘമാണ് ചോദ്യം ചെയ്തതെന്നും പറയപ്പെടുന്നു. അഴീക്കോട് എംഎല്‍എ ആയിരുന്നു കെഎം ഷാജി. അഴീക്കോട് പ്ലസ് ടു കോഴക്കേസില്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. പ്ലസ് ടു അനുവദിക്കുന്നതിന് ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം. ഇത് ഷാജി നിഷേധിച്ചിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു കെപിഎ മജീദ്. പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുഖ്യ പങ്കുള്ള വ്യക്തി കൂടിയാണ് മജീദ്. തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്ന് മജീദ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞത്. നിലവില്‍ പിഎംഎ സലാം ആണ് ജനറല്‍ സെക്രട്ടറി.
അഴീക്കോട് മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നേതാവാണ് കെഎം ഷാജി. 2017ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി അനുവദിക്കുന്നതിന് മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ഷാജിക്കെതിരായ ആരോപണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതിക്കാരന്‍. വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
റൂബി ജുവലിന്റെ നിക്കാഹ് കഴിഞ്ഞു; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഷാജി കൈക്കൂലിയായിട്ടാണ് 25 ലക്ഷം രൂപ കൈപ്പറ്റിയത് എന്നാണ് ആരോപണം. ഇക്കാര്യം മുസ്ലിം ലീഗിന്റെ പ്രാദേശിക കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് കെപിഎ മജീദിനെ വിജിലന്‍സ് വിളിപ്പിച്ചത് എന്ന് പറയപ്പെടുന്നു. എന്നാല്‍ സൗഹൃദ സംഭാഷണത്തിന് വന്നതാണെന്ന് മജീദ് പറയുന്നു. ഡിവൈഎസ്പിയുമായി അടുത്ത ബന്ധമുണ്ട്. കേസുമായി ബന്ധപ്പെട്ട് വന്നതല്ല. അങ്ങനെയാണെങ്കില്‍ രഹസ്യമായി വേറെ എവിടെയെങ്കിലും വച്ച് ചോദ്യം ചെയ്തുകൂടേ. പരസ്യമായി പകല്‍ വരേണ്ടതില്ലല്ലോ എന്നാണ് മജീദിന്റെ പ്രതികരണം.












Click it and Unblock the Notifications