Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗില്‍ 'മന്ത്രി ചര്‍ച്ച' തീര്‍ന്നില്ല; കെഎം ഷാജിയെ മാറ്റിയേക്കും, പിഎംഎ സലാം രാജ്യസഭയിലേക്ക്

മലപ്പുറം: മുസ്ലിം ലീഗിന്റെ മന്ത്രിമാരില്‍ ഒരാളെ രണ്ടര വര്‍ഷത്തിന് ശേഷം മാറ്റുമെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ട്. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, പികെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുല്‍ ഗഫൂര്‍. മികച്ച വിജയം നേടിയിട്ടും കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസഭയില്‍ പരിഗണന ലഭിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇത് തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയാകുമെന്നും നിലവിലുള്ള ഒരു മന്ത്രിയെ മാറ്റുമെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചത്. പെര്‍ഫോമന്‍സ് വിലയിരുത്തിയാകും ഒരാളെ മാറ്റുക എന്നായിരുന്നു അന്ന് നല്‍കിയ സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

muslim league ministers change-

രണ്ടര വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ പാറക്കല്‍ അബ്ദുല്ലയെ മന്ത്രിയാക്കാനാണ് ആലോചന. അഞ്ചുപേരില്‍ ആരെ മാറ്റിയാണ് പാറക്കല്‍ അബ്ദുല്ലയ്ക്ക് മന്ത്രി പദവി നല്‍കുക എന്ന കാര്യം മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളുമായി സാദിഖലി തങ്ങള്‍ ചര്‍ച്ച ചെയ്തുവത്രെ. ഈ വേളയിലാണ് തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജിയെ മാറ്റാനും സുപ്രധാനമായ ഒരു പദവി സംഘടനാ തലത്തില്‍ അദ്ദേഹത്തിന് നല്‍കാനും ആലോചന നടക്കുന്നത്.

പിവി അബ്ദുല്‍ വഹാബിന്റെ രാജ്യസഭാ എംപി കാലാവധി അടുത്ത വര്‍ഷം ഏപ്രിലില്‍ അവസാനിക്കും. ഇനിയും അദ്ദേഹത്തിന് അവസരം നല്‍കേണ്ട എന്നാണ് ധാരണ. മൂന്നാം തവണയാണ് വഹാബ് രാജ്യസഭയില്‍ തുടരുന്നത്. പ്രായം കൂടി കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റും. പകരം സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ രാജ്യസഭയിലേക്ക് നിര്‍ദേശിക്കുമെന്നാണ് മുസ്ലിം ലീഗ് വൃത്തങ്ങള്‍ പറയുന്നത്.

ഈ വേളയില്‍ ഒഴിവ് വരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കെഎം ഷാജിയെ നിയമിച്ചേക്കും. അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്യും. പകരം പാറക്കല്‍ അബ്ദുല്ല മന്ത്രിയാകും. ഇതാണ് നിലവിലെ ചര്‍ച്ചയില്‍ ഒരുങ്ങുന്ന ധാരണയെന്ന് മുസ്ലിം ലീഗ് വൃത്തങ്ങള്‍ പറയുന്നു. മലപ്പുറം ജില്ലയില്‍ അഞ്ച് മന്ത്രിമാരുണ്ടെന്നതും ഈ മാറ്റത്തിന് കാരണമാണ്.

പികെ കുഞ്ഞാലിക്കുട്ടി, പികെ ബഷീര്‍, കെഎം ഷാജി, എപി അനില്‍കുമാര്‍ എന്നിവരാണ് മലപ്പുറത്ത് നിന്ന് ജയിച്ച മന്ത്രിമാര്‍. കൂടാതെ എന്‍ ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട് നിന്നാണ് ജയിച്ചത് എങ്കിലും അദ്ദേഹം തിരൂര്‍ സ്വദേശിയാണ്. ഫലത്തില്‍ 21 അംഗ മന്ത്രിസഭയില്‍ അഞ്ചുപേരും മലപ്പുറവുമായി ബന്ധമുള്ളവരാണ്. അബ്ദുല്‍ ഗഫൂറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റാന്‍ സാധ്യതയില്ലെന്നും തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം വേണമെന്നുമാണ് ലീഗ് നേതൃത്വത്തില്‍ ഉയര്‍ന്ന അഭിപ്രായം.

കാസര്‍ക്കോട് ജില്ലയ്ക്ക് മന്ത്രിസഭയില്‍ പരിഗണന നല്‍കാത്തതും മുസ്ലിം ലീഗില്‍ ചര്‍ച്ചയാണ്. മഞ്ചേശ്വരത്തിന് നിന്ന് മികച്ച വിജയം നേടിയ എകെഎം അഷ്‌റഫിന് ഇത്തവണ മന്ത്രിസഭയില്‍ ഇടമുണ്ടാകുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നു. അദ്ദേഹത്തെ തഴഞ്ഞ് മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത് അവസാന നിമിഷം നടന്ന ചില ഇടപെടല്‍ കാരണമാണ് എന്നാണ് വിവരം. കെഎം ഷാജിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റുമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെന്നും വഹാബിന്റെ രാജ്യസഭാ കാലാവധി തീരുമ്പോള്‍ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി മറ്റു തീരുമാനങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+