കെഎം ഷാജിയുടെ പ്രാഗ് യാത്ര: മന്ത്രിയുടെ വിദേശയാത്രയിൽ ദുരൂഹതകൾ ഏറെയുണ്ട്, വിമർശനം ഉന്നയിച്ച് ജലീൽ
കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുമതി ഇല്ലാതെയാണ് തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി പ്രാഗ് സന്ദര്‍ശനം നടത്തിയത് എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മന്ത്രിക്കെതിരെ കെടി ജലീല്‍ രംഗത്ത്. മന്ത്രി ഷാജിയുടെ വിദേശയാത്രയിൽ ദുരൂഹതകൾ ഏറെയുണ്ടെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.
'' ന്യൂജെൻ വേറെ വഴി നോക്കും! സാധാരണ സംസ്ഥാനമന്ത്രിമാർ സ്വകാര്യ വിദേശയാത്ര നടത്തുമ്പോൾ പൊതുഭരണ വകുപ്പിൻ്റെയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും അനുമതികൾ വാങ്ങണമെന്നാണ് ചട്ടം. ചെലവുകൾ മറ്റേതെങ്കിലും സംഘടനകളോ, വ്യക്തികളോ ആണ് വഹിക്കുന്നതെങ്കിൽ കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ അനുമതിയും നിർബന്ധമാണ്.
മന്ത്രി ഷാജിയുടെ വിദേശയാത്രയിൽ ദുരൂഹതകൾ ഏറെയുണ്ട്. അദ്ദേഹത്തിന് പോകാൻ അംഗീകാരം ലഭിച്ചതായി കേരളത്തിലെ പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്ന രാജ്യങ്ങളിൽ താമസിച്ചതിൽ കൂടുതൽ ദിവസം അംഗീകാരം ലഭിക്കാത്ത ചെക്ക് റിപബ്ലിക്കിലെ "പ്രാഗിൽ" താമസിച്ചതായാണ് മാധ്യമ റിപ്പോർട്ടുകൾ. ആരോപണത്തിൽ വ്യക്തത വരുത്തേണ്ടത് മന്ത്രി ഷാജി തന്നെയാണ്.

മുസ്ലിം പെൺകുട്ടികൾ നിരീശ്വരവാദികളായ യു ട്യൂബർമാരുടെ ഫോളോവേഴ്സ് ആകുന്നു എന്ന് മന്ത്രി ഷാജി ആത്മഗതം നടത്തിയതായും കണ്ടു. അതിനെ പുരോഗതിയായി കാണാനാവില്ലെന്നും "ചാട്ടമായേ" കാണാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി കേട്ടു. മുസ്ലിം പെൺകുട്ടികൾ എന്നല്ല, എല്ലാ പെൺകുട്ടികളും അവരുടെ മതസ്വത്വം നിലനിർത്തിക്കൊണ്ടു തന്നെ പുരോഗമനപരമായ ചിന്തിക്കുന്നു എന്നുള്ളത് സത്യമാണ്.
അതിനെ "മാർഗ്ഗഭ്രംശ"മായി രാഷ്ട്രീയ നേതാക്കളും ഭരണകർത്താക്കളും വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ?
സമീപകാലത്ത് കേരളത്തിൽ നടന്ന കുറ്റകൃത്യങ്ങളെടുത്താലും "നിരീശ്വരവാദികളു"ടെ പ്രൊഫൈലുകളിലെ ഫോളോവേഴ്സിനെ പരിശോധിച്ചാലും "മുസ്ലിം പെൺകുട്ടികളു"ടെ എണ്ണം താരതമ്യേന വളരെ കുറവാണ്. എല്ലാ സമുദായങ്ങളിലെയും സ്ഥിതി സമാനമാണ്. പൊതുവെ സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ആൺ-പെൺ മാനദണ്ഡത്തിൽ പരിശോധിച്ച് പെൺകുട്ടികളെ ഒറ്റതിരിച്ച് കുറ്റപ്പെടുത്തുന്ന പ്രവണത സമൂഹത്തിൽ കൂടിവരുന്നത് ആശാസ്യമല്ല.
രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കാതെ നോക്കാൻ മന്ത്രിമാർ പ്രത്യേക ജാഗ്രത പുലർത്തണം. ഷാജി മുമ്പൊരിക്കൽ നടത്തിയ "മതമാണ്, മതമാണ്, മതപ്രശ്നം" എന്ന പ്രസ്താവനയും, "മുസ്ലിംലീഗിൽ നിന്ന് പോയാൽ മതപരിസരത്തു നിന്നാണ് പോകുന്നതെന്നു"മെല്ലാമുള്ള അഭിപ്രായ പ്രകടനങ്ങൾ ഏറെ വിവാദമായത് ആരും മറന്നു കാണില്ല. ലീഗിൻ്റെ നിലവിലെ കോഴിക്കോട് സൗത്തിലെ എം.എൽ.എ പറഞ്ഞതിങ്ങനെയാണ്: "ലീഗിൻ്റെ മെമ്പർഷിപ്പ് എടുത്ത് നേരെ നടന്നാൽ സ്വർഗ്ഗത്തിലെത്തും".
മുസ്ലിംലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ഒരു ലീഗ് യോഗത്തിൽ പരസ്യമായി മൊഴിഞ്ഞതും ഭിന്നമല്ല; "പച്ചക്കൊടി പിടിച്ചവർക്ക് നാളെ പരലോകത്ത് ദൈവിക സിംഹാസനത്തിൻ്റെ തണൽ കിട്ടും". ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളൊന്നും പൂക്കോയ തങ്ങളോ, ബാഫഖി തങ്ങളോ, മുഹമ്മദലി ശിഹാബ് തങ്ങളോ, ഹൈദരലി തങ്ങളോ, സി.എച്ച് മുഹമ്മദ് കോയാ സാഹിബോ, കെ.എം സീതിസാഹിബോ പറഞ്ഞതായി'' കേട്ടുകേൾവിയില്ല. 2006-ൽ ലീഗിനുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് കരകയറാനാണ് രാഷ്ട്രീയം ഉപേക്ഷിച്ച് ഇത്രമേൽ മതപ്പാർട്ടിയാകാൻ ലീഗ് മുന്നോട്ടു വന്നത്.
പ്രാഗിലേക്കും മെക്കാവോ ദ്വീപിലേക്കുമൊക്കെ ലീഗ് മന്ത്രിമാരും നേതാക്കളും വിനോദയാത്ര നടത്തുകയും മദ്യമുതലാളിമാർക്കൊപ്പം ഉല്ലസിക്കുകയും ചെയ്യുമ്പോൾ പുതുതലമുറ നൂതന വഴികൾ തേടുക സ്വാഭാവികം. നോക്കിയാൽ കാണുന്ന ദൂരത്ത് "മാതൃകകൾ" ഇല്ലാതാകുമ്പോൾ, മാതൃകകൾ അന്വേഷിച്ച് ന്യുജെൻ അലയും. അവർ സമുദായത്തിൻ്റെ ആത്മീയ-രാഷ്ട്രീയ നേതൃത്വത്തിനൊപ്പം ഉണ്ടാവണമെങ്കിൽ അവരെ ഉപദേശിക്കാനും തിരുത്താനുമുള്ള അർഹത നേതാക്കൾ സ്വയം അർജ്ജിക്കണം. കുറ്റപ്പെടുത്തേണ്ടത് പെൺകുട്ടികളെയല്ല, അവനവനെത്തന്നെയാണ്''.


Click it and Unblock the Notifications
