കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ തൂക്കുകയറില്‍ നിന്നും സഫീറുള്ളയെ രക്ഷപ്പെടുത്താന്‍ വഴിയൊരുക്കിയത് കെഎംസിസി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സൗദിയിലെ തൂക്കുകയറില്‍ നിന്നും ഉത്തര്‍പ്രദേശ് സ്വദേശി മഹറം അലി സഫീറുള്ളയെ രക്ഷപ്പെടുത്താന്‍ വഴിയൊരുക്കിയത് മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി പ്രവര്‍ത്തകര്‍. മകനെ കൊലപ്പെടുത്തി സൗദി അറേബ്യയിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശിക്ക് നിരുപാധികം മാപ്പ് നല്‍കി ഒറ്റപ്പാലം സ്വദേശി പാലത്തിങ്കല്‍ അയിഷ നന്‍മയുടെയും കാരുണ്യത്തിന്റേയും സന്ദേശം രാജ്യത്തിന് നല്‍കിയപ്പോള്‍ ഇതിന് കാരണക്കാരായത് അല്‍ഹസ കെ.എം.സി.സി ഭാരവാഹികളാണ്.

അല്‍ഹസ കെ.എം.സി.സിയുടെ ഇടപെടലിലൂടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍വെച്ച് ഉത്തര്‍പ്രദേശ് സ്വദേശിയുടെ കുടുംബത്തിന് മാപ്പു നല്‍കി കൊണ്ടുള്ള രേഖകള്‍ അയിഷ കൈമാറി. ആറ് വര്‍ഷം മുമ്പ് സൗദി അറേബ്യയിലായിരുന്നു ആയിഷബീവിയുടെ മകന്‍ ആസിഫിനെ കൊലപ്പെടുത്തിയത്. ഒപ്പം മുറിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി മഹറം അലി സഫീറുള്ള(40) യായിരുന്നു പ്രതി. സൗദി നിയമമനുസരിച്ച് വധശിക്ഷ കാത്ത് കഴിയുമ്പോഴാണ് സഫീറുള്ളക്ക് മാപ്പ് നല്‍കാന്‍ ആസിഫിന്റെ മാതാവ് തെയ്യറായത്.

കെ.എം.സി.സി ഭാരാവഹികളാണു ഇരുകുടുംബങ്ങള്‍ക്കിടയില്‍ മധ്യസ്ഥത വഹിച്ചു കാരുണ്യപ്രവര്‍ത്തിക്ക് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട ആസിഫിന്റെ അമ്മാവന്‍ മുസ്ലിംലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു പ്രവര്‍ത്തകനാണ്. ഇതുവഴിയാണു കെ.എം.സി.സി ഭാരവാഹികള്‍ വീട്ടുകാരുമായി വിഷയം സംസാരിച്ചത്. റമദാനിന്റെ പുണ്യമാസംകൂടി കണക്കിലെടുത്തും പ്രതിക്ക് മാനിസികാവസ്ഥ തകരാറിലായതും കണക്കിലെടുത്ത് പൊറുത്തുനല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ മാതാവിന് ഒറ്റ ഡിമാന്റെ ഉണ്ടായിരുന്നുള്ളു. മാപ്പു നല്‍കാം, പണക്കാട്‌വെച്ചാകണമെന്ന് മാത്രമായിരുന്നുവെന്ന് മാത്രം. ഇതിനെ തുടര്‍ന്നാണു കെ.എം.സി.സി ഭാരവാഹികള്‍ പാണക്കാട് സാദിഖലി തങ്ങളുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചു ഇരുകുടുംബങ്ങളേയും ഒന്നിച്ചിരുത്തി മാപ്പുനല്‍കാന്‍ തീരുമാനിച്ചത്.

ഉത്തര്‍പ്രദേശില്‍ തീര്‍ത്തും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം സഫീറുള്ളയെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. പൊറുക്കാനാകാത്ത തെറ്റിന് മാപ്പ് ലഭിച്ചതോടെ സഫീറുള്ളയുടെ കുടുംബം ഇതോടെ കണ്ണീര്‍ കയത്തില്‍ നിന്നും കരകയറുകയാണ്. റമദാന്‍ മാസത്തില്‍ പുണ്യ പ്രവൃത്തിക്ക് സാക്ഷിയാത് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ഗോണ്ട റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും മകനെ രക്ഷിക്കാനായി റസിയയും സഹോദരങ്ങളും പാണക്കാട് ലക്ഷ്യംവെച്ചുപോന്നത്. സൗദി അറേബ്യയില്‍ വധശിക്ഷ കാത്തിരിക്കുന്ന തന്റെ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചുലഭിക്കാന്‍ കെ.എം.സി.സി ഭാരവാഹികളുടെ നിര്‍ദ്ദേശ പ്രകാരം സാദിഖലി തങ്ങളെ കാണാനാണു പുറപ്പെട്ടത്. ചെറിയ ആണ്‍കുട്ടിയും കല്ല്യാണ പ്രായമായ രണ്ടു പെണ്‍മക്കളുടേയും പിതാവാണ് ജയിലില്‍കഴിയുന്നത്. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊലപാതകം നടക്കുന്നത്.

സൗദി അറേബ്യയിലെ അല്‍ഹസില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശി മുഹറം അലി ഷഫീറുള്ള. ഇതേ പെട്രോള്‍ പമ്പിലെ സൂപ്പര്‍വൈസറായിരുന്നു ഒറ്റപ്പാലം സ്വദേശി ഇരുപത്തിനാലു കാരനായ ആസിഫ്. ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഒരു ദിവസം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ആസിഫിനെ പച്ചക്കറി അരിയുന്ന കത്തികൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നാണ് കേസ്.

പ്രതിയായ മുഹറം അലി സഫീറുള്ളയെ അന്നു തന്നെ സൗദി പോലീസ് പിടികൂടി. അതോടൊപ്പം അല്‍ഹസ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ആസിഫിന് നീതി ലഭിക്കാനായി നിരന്തരമായ നിയമ പോരാട്ടം നടത്തി. ഇതിനിടയിലാണ് പ്രതിയുടെ മാനസിക നില തെറ്റിതുടങ്ങിയത്. മാനസിക വിഭ്രാന്തി കാണിച്ചതോടെ പ്രതിയെ ജയിലില്‍ നിന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടയിലാണ് കോടതി കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്.

2017 നവംബറില്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. മാനസികാരോഗ്യ ചികിത്സയിലായതിനാല്‍ വധശിക്ഷ നടപ്പിലാക്കാനായില്ല. തുടര്‍ന്നാണ് വിഷയം പോലീസ് കെ.എം.സി.സിയെ അറിയിക്കുന്നത്. കെ.എം.സി.സി അല്‍ഹസ ഭാരവാഹികള്‍ പ്രതിയുടെ വിലാസം കണ്ടെത്തി ഉത്തര്‍പ്രദേശിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരണപ്പെട്ടവരുടെ ഭാര്യയോ അല്ലെങ്കില്‍ ഉമ്മയോ മാപ്പ് കൊടുത്താല്‍ രക്ഷപ്പെടുമെന്ന സൗദി നിയമത്തിലായിരുന്നു ഇനി കുടുംബത്തിന്റെ പ്രതീക്ഷ.

ആ പ്രതീക്ഷകളും പേറിയാണ് കിലോമീറ്ററുകള്‍ താണ്ടി പ്രതിയുടെ ഭാര്യയും സഹോദരങ്ങളും മലപ്പുറത്തേക്ക് വന്നത്. കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി ആസിഫിന്റെ ഉമ്മയും സഹോദരങ്ങളും മലപ്പുറത്തുണ്ടാകും. അവരുടെ കാലില്‍ വീണ് കരയണം. സ്വബോധത്തോടെയല്ല അവര്‍ ആ ക്രൂരകൃത്യം ചെയ്തതെന്ന് പറഞ്ഞ് മാപ്പിരക്കണം. മൂന്ന് കുട്ടികളുടെ വാപ്പയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ്. പൊറുത്ത് തരണം. വധശിക്ഷയില്‍ നിന്ന് രക്ഷിക്കണം.

ഇന്നലെ രാവിലെ പത്തരമണിയോടെയാണ് റസിയയും സഹോദരങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി ആസിഫിന്റെ ഉമ്മ ആയിശ ബീവി സഹോദരങ്ങളായ ഇബ്രാഹിം, അബ്ദുല്‍ലത്തീഫ്, അമ്മാവന്‍ സൈതലവി, ഷൗക്കത്തലി, മിസ്‌രിയ എന്നിവര്‍ നേരത്തെ തന്നെ എത്തിയിരുന്നു. പിന്നെ അവിടെ കണ്ടത് ഏവരേയും കരളലിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു.

ആസിഫിന്റെ ഉമ്മയെ കണ്ടതും റസിയ കരഞ്ഞുകാലിലേക്കു വീണു. ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ആയിശ ബീവിയും നിയന്ത്രണം വിട്ടുപൊട്ടി കരിഞ്ഞു. കണ്ടുനിന്നവരുടെയെല്ലാം കണ്ണു നനയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. മാപ്പ് തരണം. ഒരു കുടുംബത്തെ രക്ഷിക്കണം. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ച റസിയ ഇത്രയും പറഞ്ഞൊപ്പിച്ചപ്പോള്‍ ആയിശ ബീവി കയ്യില്‍പിടിച്ചു കുലുക്കി.

എന്റെ മകനെ അള്ളാഹു നേരത്തെ വിളിച്ചു. മറ്റൊരു ജീവന്‍ അതിന് പകരമാവില്ലല്ലോ. ഈ പുണ്യമാസത്തില്‍ ഞങ്ങള്‍ മാപ്പുതരുന്നു. നിരുപാധികം. ഇത്രയും തന്നെ പറഞ്ഞുകഴിഞ്ഞപ്പോഴേക്കും വിടരും മുമ്പേ പൊഴിഞ്ഞുപോയ തന്റെ മകനെ ഓര്‍ത്ത് ഈമാതാവ് വിതുമ്പുന്നുണ്ടായിരുന്നു.

മാപ്പ് എഴുതി നല്‍കിയ പേപ്പറില്‍ ഒപ്പ് വെച്ച് കെ.എം.സി.സി ഭാരവാഹികള്‍ക്ക് നല്‍കി. എല്ലാത്തിനും സാക്ഷിയായി നിന്ന പാണക്കാട് സാദിഖലി തങ്ങളോട് നന്ദിയും പറഞ്ഞ് ഇരു വീട്ടുകാരും ആ മുറ്റത്തുനിന്നും ഇറങ്ങി. റസിയയുടെ കൂടെ ബന്ധുക്കളായ അബ്ദുല്‍ ഹസ്സന്‍, അസ്ഫാഖ് ഷൈഖ്, ആരിഫ്, ഷഹാബുദ്ധീന്‍ എന്നിവരുമുണ്ടായിരുന്നു.

മാപ്പ് നല്‍കിയ പേപ്പര്‍ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കി മുഹറം അലി
സഫീറുള്ളയെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു. ഇത്തരംകേസുകളില്‍ പലപ്പോഴും മാപ്പുകൊടുക്കുന്ന കുടുംബങ്ങള്‍ പണംവാങ്ങാറുണ്ടെങ്കിലും നിരുപാധികം മാപ്പുനല്‍കുകയെന്ന അപൂര്‍വ കാഴ്ച്ചയാണ് ഇന്നലെ പാണക്കാട് നടന്നത്. സഫീറുള്ളയെ മോചിപ്പിക്കുന്നതുവരെയുള്ള നടപടികള്‍ അല്‍ഹസ കെ.എം.സി.സി ഭാരവാഹികള്‍ പങ്കാളികളാകുമെന്നു സെക്രട്ടറി ടി.കെ കുഞ്ഞാലസ്സന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മറ്റു കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം മുഹമ്മദ്, മജീദ് കൊടശ്ശേരി, സിഎം കുഞ്ഞിപ്പഹാജി, സി.പി ഗഫൂര്‍ എന്നിവരം ഇന്നലെ പാണക്കാട് എത്തിയിരുന്നു.

English summary
KMCC helped Safeerullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X