'അന്ന് എല്ലാം ജനാധിപത്യപരം, ഇന്ന് മന്ത്രിയോട് ചോദ്യം ചോദിച്ചാൽ ജനാധിപത്യ വിരുദ്ധം';കെഎൻ ബാലഗോപാൽ
യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി കെഎൻ രാജഗോപാൽ. പിണറായി ഭരണകാലത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെ ജനാധിപത്യപരമെന്നും മാതൃകാപരമെന്നും ന്യയീകരിച്ചവർ ഇപ്പോൾ മന്ത്രിമാരോട് ചോദ്യം ചോദിക്കുന്നത് പോലും ജനാധിപത്യവിരുദ്ധമാക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എന്തു വൃത്തികേടുകൾ യുഡിഎഫുകാർ ചെയ്താലും ഒരു ഒച്ചയും ഉണ്ടാക്കാതെ വാലാട്ടാൻ നിഷ്പക്ഷ നിരീക്ഷകൻമാരെല്ലാം ശീലിച്ചിരിക്കുന്നു. അഴിമതിയുടെയും അരാജകത്വത്തിന്റെയും, സമസ്ത മേഖലകളിലും നടമാടുന്ന ഭരണ വൈകല്യത്തിന്റെയും നാടായി കേരളം മാറിയിട്ടും നാട്ടിലെ നിഷ്പക്ഷ ബുദ്ധിജീവികളുടെ ശബ്ദം ഉയരുന്നേയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഭിപ്രായ സ്വാതന്ത്ര്യം, പ്രതിഷേധം തുടങ്ങിയ വാക്കുകളുടെ അർത്ഥവും വ്യാഖ്യാനവും മാറിക്കഴിഞ്ഞിരിക്കുന്നു. പിണറായി ഭരണകാലത്ത് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ കരിങ്കൊടിയുമായി ആക്രമിക്കാൻ ശ്രമിച്ചാൽ അത് ജനാധിപത്യപരമായ പ്രതിഷേധ പ്രകടനം. സംസ്ഥാന ആരോഗ്യ മന്ത്രിയായ വനിതയുടെ മുന്നിലേക്ക് ക്രിമിനലുകൾ പാഞ്ഞടുത്ത് അവരെ ആക്രമിക്കാൻ ശ്രമിച്ചാൽ അത് മാതൃകാപരമായ പ്രതിഷേധ പ്രവർത്തനം. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന വാഹനത്തിനു മുന്നിലേക്ക് അപകടകരമായി ചാടി വീണ് പ്രതിഷേധിച്ചാൽ അത് അഭിനന്ദിക്കേണ്ട പ്രവർത്തനം. ഇതായിരുന്നു അന്നത്തെ മാനദണ്ഡങ്ങൾ.
എന്നാൽ ഇപ്പോൾ ആകെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. യുഡിഎഫ് മന്ത്രിമാരോട് ചോദ്യം ചോദിക്കുന്നത് ജനാധിപത്യവിരുദ്ധം. സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന സ്ത്രീകളെ വലിച്ചിഴച്ചാലും, അവരെ അറസ്റ്റ് ചെയ്തു നീക്കിയാലും അത് നിയമപാലനം. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാൽ മണിക്കൂറുകൾക്കുള്ളിൽ പോലീസ് നിങ്ങളെ തേടി വരുന്നത് വളരെ ശരിയായ കാര്യം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അനുചരൻ നിരോധിത ലഹരിയുമായി പിടിക്കപ്പെട്ടാൽ ഓപ്പറേഷൻ തൂഫാൻ തന്നെ ആവിയായി പോകുന്നത് സ്വാഭാവിക പ്രവർത്തനം.
ഇതാണ് പുതിയ കേരളം.

പോലീസ് സ്റ്റേഷനിൽ കയറി യൂത്ത് കോൺഗ്രസുകാരും യുഡിഎഫുകാരും അഴിഞ്ഞാടുമ്പോൾ പോലീസ് പഞ്ചപുച്ഛമടക്കി നിൽക്കുകയാണ്. പോലീസ് സ്റ്റേഷനുകൾ ക്രിമിനലുകളുടെ നിയന്ത്രണത്തിലായത് ആഭ്യന്തര മന്ത്രി അറിഞ്ഞിട്ടേയില്ല. സിപിഐഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമായി വിദൂര ബന്ധമുള്ള ഏതെങ്കിലും ആളുകൾ അടൂരിലെ യൂത്ത് കോൺഗ്രസുകാർ നടത്തിയത് പോലെ ഒരു കൃത്യത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്തൊക്കെ തലക്കെട്ടുകൾ നാം കാണേണ്ടി വന്നേനെ. എത്ര അന്തി ചർച്ചകൾ?
എത്ര വിലാപങ്ങൾ? ഇപ്പോൾ ഒന്നും കേൾക്കാനില്ല.
"ഒച്ചയുണ്ടാക്കിയില്ലനക്കം ഉണ്ടായില്ല, ഒറ്റ കുമിളയും പൊന്തിയില്ല" എന്ന് കുമാരനാശാൻ എഴുതിയത് പോലെ എന്തു വൃത്തികേടുകൾ യുഡിഎഫുകാർ ചെയ്താലും ഒരു ഒച്ചയും ഉണ്ടാക്കാതെ വാലാട്ടാൻ നിഷ്പക്ഷ നിരീക്ഷകൻമാരെല്ലാം ശീലിച്ചിരിക്കുന്നു. അഴിമതിയുടെയും അരാജകത്വത്തിന്റെയും, സമസ്ത മേഖലകളിലും നടമാടുന്ന ഭരണ വൈകല്യത്തിന്റെയും നാടായി കേരളം മാറിയിട്ടും നാട്ടിലെ നിഷ്പക്ഷ ബുദ്ധിജീവികളുടെ ശബ്ദം ഉയരുന്നേയില്ല.
ഒന്നും രണ്ടും പിണറായി സർക്കാരുകൾക്കെതിരെ കള്ളക്കഥകളുമായും വ്യാജപ്രചരണങ്ങളുമായും ചാനലുകളിൽ സ്ഥിരതാമസക്കാരായിരുന്ന സാംസ്കാരിക നായകന്മാരെല്ലാം കുംഭകർണ്ണ നിദ്രയിൽ ആണ്ടു പോയിരിക്കുന്നു എന്ന് തോന്നുന്നു'


Click it and Unblock the Notifications
