ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് കെഎന്‍ ബാലഗോപാല്‍; 'പ്രതിപക്ഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുമോ?'
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തുക ഇനിയും വര്‍ധിപ്പിക്കും എന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
പെന്‍ഷന്‍ 2500 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നും സര്‍ക്കാരിന് അതിനുള്ള ആര്‍ജവമുണ്ട് എന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശിക മുടക്കുന്നതാണ് ഇതിന് തടസമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വാങ്ങിയെടുക്കാന്‍ പ്രതിപക്ഷത്തിന്റെ കൂടി സഹായം വേണമെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ കുടിശ്ശിക രണ്ട് തവണയും നല്‍കി തീര്‍ത്തത് പിന്നീട് വന്ന എല്‍ ഡി എഫ് സര്‍ക്കാരുകളാണ് എന്നും ഓരോ തവണയും എല്‍ ഡി എഫ് സര്‍ക്കാരുകളാണ് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് വേണ്ടി കോണ്‍ഗ്രസ് എം എല്‍ എ പി സി വിഷ്ണുനാഥ് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്.
ക്ഷേമപെന്‍ഷന്‍ അഞ്ച് മാസം മുടങ്ങിയതില്‍ മനംനൊന്ത് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ഉന്നയിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല പെന്‍ഷനെന്നും ഇന്ധന സെസ്സ് പോലും പെന്‍ഷന്റെ പേര് പറഞ്ഞാണ് ഏര്‍പ്പെടുത്തിയത് എന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ജോസഫ് നേരത്തെ ആത്മഹത്യ ചെയ്യും എന്ന് നോട്ടീസ് കൊടുത്തിരുന്നു എന്നും സര്‍ക്കാരാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദിയെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. എന്നാല്‍ എന്നാല്‍ ക്ഷേമപെഷന്‍ കിട്ടാത്തത് കൊണ്ട് മാത്രമാണ് ജോസഫിന്റെ മരണം എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ് എന്നും മന്ത്രി പറഞ്ഞു. നവംബറിലും ഡിസംബറിലും ജോസഫ് പെന്‍ഷന്‍ വാങ്ങിയിരുന്നു എന്ന് മന്ത്രി പറഞ്ഞു.
'തൊഴിലുറപ്പും പെന്‍ഷനും ചേര്‍ത്ത് ഒരു വര്‍ഷം 52400 രൂപ ജോസഫ് കൈപ്പറ്റി. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 23958 കോടി പെന്‍ഷനായി കൊടുത്തു,' മന്ത്രി പറഞ്ഞു. യു ഡി എഫ് കാലത്തെ കുടിശിക കണക്ക് അടക്കം എല്ലാം രേഖകളിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ കമ്പനിയെ പോലും കേന്ദ്ര സര്‍ക്കാര്‍ മുടക്കി എന്നും കേന്ദ്രം തരാനുള്ള പണം നല്‍കിയാല്‍ എല്ലാ പെന്‍ഷന്‍ പ്രതിസന്ധിയും മാറും എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications