ഇന്ത്യയിലെ ആദ്യത്തെ എഐ റോബോട്ടിക് അധ്യാപിക: ഐറിസ് ടീച്ചറുടെ വിശേഷങ്ങള്‍ അറിയാം
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി അധ്യാപികയെ അവതരിപ്പിച്ചുകൊണ്ട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് തിരുവനന്തപുരത്തെ കെടിസിടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മേക്കര്‍ലാബ്‌സ് എജ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഈ എഐ അധ്യാപികയ്‌ക്ക് ഐറിസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്..
വീല്‍ ഘടിപ്പിച്ച പ്ലാറ്റ്‌ഫോമിലൂടെ റോബോർട്ടിന് ക്ലാസ് മുറികളിലൂടെ ചലിക്കാനും സാധിക്കും. ചാറ്റ് ബോട്ടിനെ പോലെ ജനറേറ്റീവ് എഐ സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായിട്ടാണ് ഐറിസ് അധ്യാപിക വിദ്യാർത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതെന്നാണ് സ്കൂള്‍ അധ്യാപികയായ രാഖി ഉള്‍പ്പെടേയുള്ളവർ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയിരിക്കുന്നത്.

നഴ്സറി മുതല്‍ പ്ലസ്ടു കാസ്ലുകളില്‍ വരെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഐറിസിന് സാധിക്കും എന്നതാണ് പ്രത്യേകത. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ സംസാരിക്കാന്‍ റോബോർട്ടിന് സാധിക്കും. മയക്കുമരുന്ന്, ലൈംഗീകത, അക്രമം പോലുള്ള വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ഐറിസിന് നിയന്ത്രണമവുമുണ്ട്. മലയാളികള്‍ക്ക് അധ്യാപിക എന്ന് പറയുമ്പോള്‍ തന്നെ ഓർമ്മ വരിക സാരിയുടുത്ത ഒരു മുഖമാണ്. അതുകൊണ്ടാണ് ഐറിസിനേയും സാരിയുടുപ്പിച്ചതെന്നും അധ്യാപക പറയുന്നു.
കുട്ടികള്‍ക്ക് തങ്ങള്‍ പഠിക്കുന്ന ഏത് വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദിക്കാം. അതിന് അനുസരിച്ചുള്ള മറുപടി റോബർട്ട് അധ്യാപിക നല്‍കും. ഒരോ ഉത്തരങ്ങളം വളരെ ലഘുവായ രൂപത്തില്‍, അതായത് 40 വാക്കുകളില്‍ കുറച്ചുകൊണ്ടാ പറയാനാണ് നിർദേശം കൊടുത്തിരിക്കുന്നത്. വലിയ ഉത്തരങ്ങള്‍ വേണമെങ്കില്‍ അതും നല്‍കും.
ക്യാമറയിലൂടെ കുട്ടികളെ തിരിച്ചറിഞ്ഞ് ഉത്തരം നല്‍കുന്ന രീതിയിലുള്ള അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുറെ ഭാഗങ്ങള്‍ ഡെവലപ് ചെയ്യാനുണ്ട്. എന്തായാലും കുട്ടികള്‍ക്കും വലിയ സന്തോഷമാണ്. പലർക്കും ആശ്ചര്യകരമാണ്. ക്ലാസില്‍ ചോദ്യങ്ങള്‍ ചോദിക്കാത്ത കുട്ടികള്‍ക്ക് ഇവിടെ വരുമ്പോള്‍ ചോദ്യം ചോദിക്കാന്‍ വളരെ സന്തോഷമാണ്. അടിക്കുകയും വഴക്ക് പറയുകയും ഹോം വർക്ക് കൊടുക്കുകയും ചെയ്യാട്ട ടീച്ചറെ അവർക്ക് ഏറെ ഇഷ്ടമാണെന്നും അധ്യാപിക രാഖി വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
അതേസമയം, കൂടുതല്‍ കുട്ടികള്‍ ഒരുമിച്ച് ചോദ്യം ചോദിക്കുകയോ ക്ലാസ് മുറികളില്‍ ബഹളം ഉണ്ടാക്കുകയോ ചെയ്താല്‍ ഐറിസിന് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യത്തില്‍ കുട്ടികള്‍ അച്ചടക്കത്തോടെ ഇരുന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും. ഇത് കുട്ടികളെ കൂടുതല്‍ അച്ചടക്കമുള്ളവരാക്കി മാറ്റുന്നുവെന്നും അധ്യാപകർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications