സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മക്കളെ ഓഫീസില്‍ കൊണ്ടുവരാമോ; വന്നാല്‍ സംഭവിക്കുന്നത്, സര്‍ക്കുലര്‍ ഇങ്ങനെ
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കുഞ്ഞുമായി പൊതുപരിപാടിക്കെത്തിയത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. കളക്ടറുടെ നടപടിയെ എതിര്‍ത്തും വിമര്‍ശിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഔദ്യോഗിക പരിപാടികള്‍ക്ക് എന്തിനാണ് കുട്ടികളുമായി എത്തുന്നതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. കളക്ടര്‍ പൊങ്ങച്ചം കാണിക്കുകയാണെന്നും പരിധി വിടുന്നു എന്ന ആരോപണവും ശക്തമാണ്.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്കിടെ, ഓഫീസില്‍ കുട്ടികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് 2018 ല്‍ ഇറക്കിയ സര്‍ക്കുലര്‍ പറയുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരികയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് വിലപ്പെട്ട ഓഫീസ് സമയം നഷ്ടപ്പെടുത്തുമെന്നാണ്.

കുട്ടികളുടെ വ്യക്തി വികസനം ഹനിക്കപ്പെടുന്നതിനൊപ്പം ഓഫീസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആക്ഷേപവും ശക്തമാണ്. അതുകൊണ്ട് ഉദ്യോഗസ്ഥര്‍ ഓഫീസ് സമയത്ത് കുട്ടികളെ കൊണ്ടുവരുന്ന പ്രവണത നിയന്ത്രിക്കണമെന്നും നവീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തയ്യാറാകണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഇതിനിടെ വിമര്‍ശനം ശക്തമായപ്പോള്‍ ചിറ്റയം ഗോപകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ പിന്‍വലിച്ചിരുന്നു. കളക്ടറെ മോശമായി ചിത്രീകരിക്കുന്ന നിരവധി കമന്റുകള്‍ വന്നതോടെയാണ് വീഡിയോ പിന്‍വലിച്ചത്. എന്നാല്‍ വലിയ രീതിയിലുള്ള ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ വഴിവച്ചതോടെ കളക്ടറുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവച്ചു.

ഞായറാഴ്ചകള്‍ പൂര്‍ണമായി അവനുവേണ്ടി മാറ്റിവയ്ക്കാന്‍ ദിവ്യ ശ്രമിക്കാറുണ്ടെന്നും ഔദ്യോഗിക കൃത്യനിര്‍വഹണമല്ലാത്ത മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാന്‍ ദിവ്യ പരമാവധി ശ്രമിക്കാറുണ്ടെന്നും കെ എസ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പക്ഷേ, എന്നാലും ചിലപ്പോള്‍ ചില പ്രോഗ്രാമുകള്‍ക്ക് സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം കാരണം പോകേണ്ടിവരും. അങ്ങനെയുള്ള പ്രോഗ്രാകുളില്‍ മകനെ കൂടി കൊണ്ടുവരും എന്ന് അസന്നിഗ്ധമായി പറയാറുണ്ട്.

സംഘാടര്‍ക്ക് അതില്‍ സന്തോഷമേയുള്ളു. അങ്ങനെ സന്തോഷപൂര്‍വ്വം പോയ ഒരു പ്രോഗ്രാമില്‍ അതിന്റെ സംഘാടകന്‍ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രി ചിറ്റയം ഗോപകുമാര്‍ സ്‌നേഹപൂര്‍വ്വം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ചര്‍ച്ച അനിവാര്യമാണ്.

ഇത് ഒരു ദിവ്യയുടെ കാര്യം മാത്രമല്ല, തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുന്നത്. ചെറുപ്പത്തില്‍ സ്‌കൂള്‍ വെക്കേഷന്‍ കാലത്ത് കരമന കോളേജില്‍ അമ്മയുടെ മലയാളം ക്ലാസില്‍ അമ്മയോടൊപ്പം ഇരുന്ന ബാല്യ കാലം ഇന്നും മനസ്സിലുണ്ട്.

ഭാര്യയായും അമ്മയായും വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം ജോലി ചെയ്തു കൂടി മുന്നോട്ട് പോകുന്ന സ്ത്രീകള്‍ എത്ര പ്രതിസന്ധികള്‍ മറികടന്നാണ് യാത്ര തുടരുന്നതെന്ന് പഠിച്ചാല്‍ പകുതി വിമര്‍ശനമെങ്കിലും കുറയും. കോവിഡിനു ശേഷം 'വര്‍ക്ക് ഫ്രം ഹോം ' ഒരു മുദ്രാവാക്യമാകുന്ന കാലഘട്ടത്തില്‍ ലോകം മാറുന്നത് എല്ലാവരും അറിയണമെന്നാണ് കെ എസ് ശബരിനാഥന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്.












Click it and Unblock the Notifications