ടേക്ക് ഓഫ് സമയം വലിയ ശബ്ദം; കരിപ്പൂരില്‍ ഇറങ്ങിയാല്‍ അപകട സാധ്യത? പ്രതിഷേധവുമായി യാത്രക്കാര്‍
കൊച്ചി: ജിദ്ദയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്ത സമയത്ത് വലിയ കുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായി വിമാന അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യാത്രക്കാര്‍. കൊച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ വിമാനത്തിലെ യാത്രക്കാരുടെ മുഖത്തുനിന്ന് ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ല. അതേസമയം സാങ്കേതിക തകരാര്‍ സംബന്ധിച്ച അറിയിപ്പുകള്‍ ഒന്നും വിമാന കമ്പനി യാത്രക്കാര്‍ക്ക് നല്‍കിയിരുന്നില്ല.
കൊച്ചിയില്‍ ഇറങ്ങുന്നതിനു തൊട്ടു മുന്‍പാണ് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് കരിപ്പൂരിലേക്ക് പോകാന്‍ കഴിയില്ലെന്നും വിമാനം ഒരു എമര്‍ജന്‍സി ലാന്‍ഡിങ്ങിന് തയ്യാറെടുക്കുകയാണെന്നും യാത്രക്കാരെ അറിയിച്ചത്. ലാന്‍ഡിങ്ങിനിടെ പുക ഉയരുകയും ചെയ്തു. കരിപ്പൂരിലെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ പൊട്ടിയ ടയറുമായി വിമാനം ഇറങ്ങിയാല്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുമെന്ന് തിരിച്ചറിവിലാണ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

അതേസമയം വിമാനത്താവളത്തില്‍ വലിയ പ്രതിഷേധമാണ് യാത്രക്കാര്‍ ഉയര്‍ത്തിയത്. കൊച്ചിയില്‍ ഇറങ്ങിയ ശേഷം വിമാനത്തില്‍ തന്നെ കരിപ്പൂരിലേക്ക് കൊണ്ടുപോകാം എന്നായിരുന്നു എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരോട് ബസില്‍ കൊണ്ടുവിടാന്‍ എന്നാണ് പിന്നീട് വിമാന കമ്പനി നിലപാട് സ്വീകരിച്ചത്. ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് യാത്രക്കായി ഉയര്‍ത്തിയത്. ഭക്ഷണം പോലും തരാന്‍ വിമാനക്കമ്പനി തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
ജിദ്ദയില്‍ വച്ച് ടേക്ക് ഓഫിന്റെ സമയത്ത് തന്നെ വലിയ ശബ്ദവും കുലുക്കവും ഒക്കെ ഉണ്ടായിട്ടും യാത്രക്കാരുടെ ആശങ്ക ഗൗരവത്തോടെ എടുക്കാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ ശ്രമിച്ചില്ലെന്ന് കൊച്ചിയില്‍ ഇറങ്ങിയ ശേഷം യാത്രക്കാര്‍ വണ്‍ ഇന്ത്യ മലയാളത്തോട് ആരോപിച്ചു. പ്രായമുള്ള ആളുകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം പോലും തരാന്‍ വിമാനക്കമ്പനി തയ്യാറായില്ലെന്നും യാത്രക്കാര്‍ പറയുന്നു.
ജിദ്ദയില്‍ നിന്ന് പറന്നുയരുമ്പോള്‍ തന്നെ ടയര്‍ പൊട്ടിയിരുന്നതായും അത് അവഗണിച്ചാണ് വിമാനം പറന്നുയര്‍ന്നതുമെന്ന് യാത്രക്കാര്‍ പറയുന്നു. കരിപ്പൂരില്‍ ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ കൊച്ചിയിലേക്കാണ് വിമാനം പോകുന്നതെന്ന് പൈലറ്റ് മുന്‍കൂട്ടി തീരുമാനിച്ചെങ്കിലും അത് യാത്രക്കാരെ അറിയിച്ചത് ലാന്‍ഡിങ്ങിന് തൊട്ടു മുന്‍പാണെന്നും ഒരു യാത്രക്കാരന്‍ പറഞ്ഞു. യാത്രക്കാര്‍ എല്ലാവരും ഭയന്നാണ് വിമാനത്തില്‍ ഇരുന്നിരുന്നത്. യാത്രക്കാരുടെ ജീവന്‍ പണയം വെച്ചാണ് വിമാനക്കമ്പനി സര്‍വീസുകള്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ ഇതില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യാത്രക്കാരില്‍ പലരും ആവശ്യപ്പെട്ടു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നു രാവിലെയാണ് 160 യാത്രക്കാരുമായി
ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കിയത്. ഏറെ നേരത്തെ ആശങ്കയ്‌ക്കൊടുവിലാണ് വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കാനായത്.












Click it and Unblock the Notifications