ഷൈന്‍ നാളെ കൊച്ചിയില്‍ ഹാജരാകാന്‍ പൊലീസിന്റെ നോട്ടീസ്; സഹകരിക്കുമെന്ന് കുടുംബം; അമ്മയ്ക്കും മറുപടി
കൊച്ചി: കലൂരിലെ സ്വകാര്യ ഹോട്ടലില്‍ ഡാന്‍സാഫിന്റെ പരിശോധനയ്ക്കിടെ ചാടിയോടി രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ നാളെ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. കൊച്ചി സിറ്റി പൊലീസാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാളെ രാവിലെ പത്തിന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. സംഭവം നടന്നത് എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് എറണാകുളം സെന്‍ട്രല്‍ എസിപിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. തൃശ്ശൂര്‍ മുണ്ടൂരിലെ ഷൈന്റെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

അതിനിടെ, ഷൈന്‍ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കുമെന്ന് പിതാവ് സിപി ചാക്കോ അറിയിച്ചു. താര സംഘടനയായ അമ്മയുടെ നോട്ടിസിനും ഉടന്‍ മറുപടി നല്‍കും. തിങ്കളാഴ്ച സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പാകെ മകന്‍ ഹാജരാകുമെന്നും പിതാവ് ടെലിവിഷന്‍ മാധ്യമങ്ങളോടു പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ലഹരി പരിശോധനയ്ക്ക് ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ അവിടെ താമസിച്ചിരുന്ന ഷൈന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. മൂന്നാം നിലയില്‍ നിന്ന് ചാടിയിറങ്ങിയാണ് ഷൈന്‍ ഓടി രക്ഷപ്പെട്ടത്. റോഡിലെത്തി ഒരു ബൈക്കില്‍ കയറി സ്ഥലംവിടുകയും ചെയ്തു. ഇത്തരത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവുമില്ലാതെ തന്നെ ഷൈന്‍ ഇറങ്ങി ഓടിയതില്‍ വ്യക്തത വരുത്താനാണ് നടനെ ചോദ്യം ചെയ്യുന്നത്.
ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ തൃശൂരെത്തി തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ഇതിനിടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതായാണ് പൊലീസിന്റെ അനുമാനം. നിലവില്‍ ഇയാള്‍ പൊള്ളാച്ചിയിലെ റിസോര്‍ട്ടിലാണെന്നാണ് സൂചന. അതിനിടെ, പകല്‍ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങള്‍ തേടി. ഇതില്‍ ഒരു യുവതിയുമായി ഷൈന്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
ഷൈന്‍ താമസിച്ച മുറിയില്‍ നിന്ന് ലഹരിയോ മറ്റു തെളിവുകളോ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ നടനെതിരേ കേസെടുക്കില്ല. നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ച ഹോട്ടലില്‍ എത്തിയത്. അതിനിടെയാണ് ഷൈന്‍ പൊലീസിനെ പേടിച്ച് സിനിമാ സ്‌റ്റൈലില്‍ ഓടി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അഞ്ചിലധികം പൊലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്ക്കും ഷൈന്‍ ജനല്‍ വഴി ഊര്‍ന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു.












Click it and Unblock the Notifications