kochi corpration result: മെട്രോ നഗരത്തെ നയിക്കാന്‍ വനിതാ മേയര്‍; ദീപ്തിക്ക് സാധ്യത; ഭരണം കൈവിട്ട് എല്‍ഡിഎഫ്
കൊച്ചി: കോര്‍പറേഷനില്‍ ഇക്കുറി വനിതാ മേയറാണ് മെട്രോ നഗരത്തെ നയിക്കുന്നത്. ഭരണം യുഡിഎഫ് ഉറപ്പിച്ചതോടെ വനിതാ മേയര്‍ ആരാകുമെന്ന ചര്‍ച്ചകളും സജീവമായി. കൊച്ചിയുടെ മൂന്നാമത്തെ വനിതാ മേയര്‍ ആരാകും എന്ന ആകാംക്ഷയിലാണ് നഗരത്തിലെ ജനങ്ങള്‍. മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കാന്‍ കഴിയുന്ന നിരവധി പേരുകള്‍ യുഡിഎഫില്‍ ഉണ്ടെങ്കിലും കെപിസിസി ജനറല്‍ സെക്രട്ടറിയും കലൂര്‍ സ്റ്റേഡിയം ഡിവിഷനില്‍ നിന്നും മത്സരിച്ച് വിജയിച്ച സ്ഥാനാര്‍ത്ഥിയുമായ ദീപ്തി മേരി വര്‍ഗീസിന്റെ പേരാണ് സാധ്യത പട്ടികയില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന പേര്.
ദീപ്തി മേരി വര്‍ഗീസ് കൗണ്‍സിലറായിരുന്ന കറുകപ്പള്ളി ജനറല്‍ വാര്‍ഡ് ആയതോടെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട കലൂര്‍ സ്റ്റേഡിയം ഡിവിഷനിലേക്ക് ചുവടു മാറുകയായിരുന്നു. കൊച്ചിയുടെ രാഷ്ട്രീയത്തില്‍ സുപരിചിതമായ മുഖമാണ് ദീപ്തി മേരി വര്‍ഗീസ്.

മേയര്‍ ആരാകുമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അനൗപചാരികമായി തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയിലെ വനിതാ നേതാക്കളുടെ സീനിയോറിറ്റി നോക്കുകയാണെങ്കില്‍ ദീപ്തിക്കാണ് സാധ്യത കൂടുതല്‍. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്റെ ചരിത്രം നോക്കുകയാണെങ്കില്‍ പ്രതീക്ഷിക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ അവസാന നിമിഷം വെട്ടി മാറ്റപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിതമായി പലരും മേയര്‍ സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. എങ്കിലും ദീപ്തിയുടെ പേരിനു തന്നെയാണ് മുന്‍ഗണന ഉള്ളത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായ, പാലാരിവട്ടത്തു നിന്നും വിജയിച്ച വികെ മിനിമോളാണ് മറ്റൊരു സാധ്യത. ഈ മൂന്നു പേരുകള്‍ ചുറ്റിപ്പറ്റിയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. എങ്കിലും ഔദ്യോഗികമായ ചര്‍ച്ചകളിലേക്ക് നേതൃത്വം കടന്നിട്ടില്ല
കൊച്ചിയില്‍ മേയറെ തിരഞ്ഞെടുക്കുമ്പോള്‍ സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുക്കാറുണ്ട്. വരും ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അധിക്ഷതയില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്.ഈ യോഗത്തില്‍ മേയറുടെ കാര്യത്തിലും ഡെപ്യൂട്ടി മേയറുടെ കാര്യത്തിലും തീരുമാനം ഉണ്ടാവും. കൊച്ചിക്ക് ചിരപരിചിതരായ നേതാക്കളെ തന്നെ മേയറും ഡെപ്യൂട്ടി മേയറും ആക്കാനാണ് സാധ്യത.
2005-ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എത്തിയ മേഴ്‌സി വില്യംസ് ആയിരുന്നു കൊച്ചിയുടെ ആദ്യ മേയര്‍. പിന്നീട് 2015-ല്‍ സൗമിനി ജെയിന്‍ മേയറായി.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. 2020ല്‍ കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണ പിടിച്ചെടുത്തത്. എന്നാല്‍ ഇക്കുറി കൊച്ചി കോര്‍പ്പറേഷനില്‍ ആകെയുള്ള 76 വാര്‍ഡുകളില്‍ യുഡിഎഫിന് 46 സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫിന് 20 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്‍ഡിഎ ആറ് സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റിലും വിജയിച്ചു. എന്‍ഡിഎ കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഒരു സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications