ഇടപ്പള്ളി -വൈറ്റില -അരൂർ എലിവേറ്റഡ് ഹൈവേ; ഡിപിആർ പഠനം അടിയന്തരമായി തുടങ്ങും
ദേശീയപാത 66 ലെ ഇടപ്പള്ളി - വൈറ്റില -അരൂർ എലിവേറ്റഡ് ഹൈവേയുടെ ഡിപിആർ നടപടികൾ അടിയന്തരമായി പുനഃരാരംഭിക്കാൻ തീരുമാനമായെന്ന് ഹൈബി ഈഡൻ എംപി. ഡൽഹിയിൽ ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം.
നവംബർ പകുതിയോടെ ഉന്നതതല സാങ്കേതിക സംഘം സ്ഥലം സന്ദർശിച്ച് പഠനം നടത്തുമെന്ന് ചെയർമാൻ ഉറപ്പുനൽകിയതായി എംപി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ കൂടി സഹകരണത്തോടെ ഇതിന് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടപ്പള്ളി-കൊടുങ്ങല്ലൂർ ഭാഗത്ത് ആറുവരിപ്പാത വികസനവും അരൂർ-തുറവൂർ ഭാഗത്ത് ആറുവരി എലിവേറ്റഡ് എക്സ്‌പ്രസ് വേ നിർമാണവും പുരോഗമിക്കുകയാണ് . ഇതിന് നടുവിലുള്ള ഇടപ്പള്ളി-വൈറ്റില-അരൂർ പാത നാലുവരി പാതയായി തന്നെ തുടരുകയാണ്. ഇത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്നാണ് എംപി ചൂണ്ടുക്കാട്ടുന്നത്.
ഈ ഭാഗത്ത് വലിയ കെട്ടിടങ്ങളും മാളുകളുമെല്ലാം സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഭാഗം വീതികൂട്ടുകയെന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് ഇവിടേയും ഒരു എലിവേറ്റഡ് ഹൈവെ വേണമെന്ന നിർദേശം ഉയർന്നത്. കൊച്ചി ഔട്ടർ റിങ് റോഡ് വരുന്നത് ചൂണ്ടിക്കാട്ടി ഈ ഭാഗത്ത് എലിവേറ്റഡ് പാത ഒഴിവാക്കാനുള്ള തീരുമാനം മേഖലയിലെ ഗതാഗതത്തെ ദോഷകരമായി ബാധിക്കുമെന്ന് എംപി ചെയർമാനെ ധരിപ്പിച്ചു.
ദേശീയപാത 66 ലെ വെള്ളക്കെട്ടിന് പരിഹാരം കാണും (കൊടുങ്ങല്ലൂർ - ഇടപ്പള്ളി)
ദേശീയപാത നിർമ്മാണത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ രണ്ടാം ഘട്ടമായി 7.45 കോടി കൂടി അനുവദിച്ചതായും എംപി അറിയിച്ചു . ഇതോടെ ആകെ അനുവദിച്ച തുക 28.89 കോടിയായി. ചേരാനല്ലൂർ, വടക്കേക്കര പഞ്ചായത്തുകളിലെ വെള്ളക്കെട്ടിന് ഇത് വലിയ ആശ്വാസമാകുമെന്നും എംപി വ്യക്തമാക്കി.
അബ്ദുൾ എൽ സഈദ് മുതൽ ഹക്കീം ജെഫ്രിസ് വരെ; യുഎസ് തിരഞ്ഞെടുപ്പിലെ ചരിത്ര വിജയങ്ങൾ
അങ്കമാലി - അരൂർ കൊച്ചി ഔട്ടർ റിംഗ് റോഡ്
ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കൃത്യമായ സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നും ചെയർമാനോട് ആവശ്യപ്പെട്ടതായും എംപി അറിയിച്ചു.
അരൂർ-തുറവൂർ ഉയരപ്പാത അടുത്ത വർഷം
അരൂർ-തുറവൂർ ഉയരപ്പാത തുറക്കുന്നത് വീണ്ടും നീട്ടി. തുറവൂർ ഭാഗത്തുള്ള നിർമ്മാണങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ ആവശ്യമുള്ളതിനാലാണ് സമയപരിധി ഇപ്പോൾ നീട്ടിയിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാനായി തുരവൂർ ജങ്ഷൻ കഴിഞ്ഞ് തുറൂവൂർ ക്ഷേത്രം വരെ പാലം നീട്ടാനായി 150 മീറ്ററോളം വരുന്ന ആറ് അധിക സ്പാനുകൾ നിർമ്മിക്കാനാണ് പദ്ധതി. ആദ്യത്തെ പ്ലാൻ പ്രകാരം തിരക്കേറിയ ജങ്ഷനിൽ ഒരു വലിയ മതിലും ഒരു എക്സിറ്റ് റാമ്പുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അത്തരത്തിൽ നിർമ്മിച്ചാൽ ഈ പ്രദേശത്തെ കുരുക്ക് കൂടുതൽ രൂക്ഷമായേക്കും. ഈ സാഹചര്യത്തിലാണ് പുതിയ സ്പാൻ കൂടി നിർമ്മിക്കാൻ തീരുമാനിച്ചത്.


Click it and Unblock the Notifications
