കൊച്ചി മറൈൻ ഡ്രൈവ് വാക്ക്‌വേയിൽ ഇനി നൈറ്റ് ലൈഫും? വമ്പൻ പദ്ധതിയൊരുക്കാൻ കൊച്ചി കോർപറേഷൻ
കൊച്ചി: മറൈൻ ഡ്രൈവ് വാക്ക്‌വേയിൽ രാത്രികാല വിനോദ സഞ്ചാര സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ. ഇതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) ഉടൻ തയ്യാറാക്കും. കൊച്ചി ആസ്ഥാനമാക്കിയുള്ള കൺസൾട്ടൻ്റുമാരുമായി ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
പദ്ധതിക്കായി കോർപ്പറേഷൻ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകൾ (സി.എസ്.ആർ) ഉൾപ്പെടെയുള്ള മറ്റ് മാർഗങ്ങളിലൂടെയും അധിക ധനസഹായം കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. മറൈൻ ഡ്രൈവ് വാക്ക്‌വേയുടെ ഉടമസ്ഥരായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായി (ജി.സി.ഡി.എ) നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ചർച്ചകൾ നടത്താനാണ് സാധ്യത.

പൊതുജന താല്പര്യമുള്ള പദ്ധതിയായതിനാൽ ജി.സി.ഡി.എയുടെ സഹകരണം കോർപ്പറേഷൻ പ്രതീക്ഷിക്കുന്നുണ്ട്. യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റയുടൻ മുൻഗണന നൽകിയ 21 പദ്ധതികളിൽ ഒന്നാണ് രാത്രികാല വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കുക എന്നത്. ഗോശ്രീ ദ്വീപുകളുടെ വികസന അതോറിറ്റിയുടെ (ജി.ഡി.എ) കീഴിലുള്ള ക്വീൻസ് വാക്ക്‌വേയുടെ വികസനത്തിനായി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് വഴി ഏകദേശം 3.50 കോടി രൂപയുടെ നിക്ഷേപം കോർപ്പറേഷൻ നടപ്പാക്കിയിരുന്നു. എന്നാൽ, ജി.ഡി.എയും അവിടുത്തെ അപ്പാർട്ട്‌മെൻ്റ് അസോസിയേഷനുകളും തമ്മിലുള്ള നിയമപരമായ തർക്കം കാരണം ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതായി മേയർ എം.കെ. മിനിമോൾ വ്യക്തമാക്കി.
ഈ തർക്കത്തിൽ കോർപ്പറേഷൻ ഇപ്പോൾ കക്ഷി ചേർന്നിട്ടുണ്ട്. നിയമപരമായ നടപടികളുടെ ഫലമനുസരിച്ച് മറൈൻ ഡ്രൈവ് വാക്ക്‌വേയെ മാതൃകയാക്കി പിന്നീട് ക്വീൻസ് വാക്ക്‌വേയിലേക്കും രാത്രികാല വിനോദപരിപാടികൾ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. മറൈൻ ഡ്രൈവ് വാക്ക്‌വേ പുതിയ കോർപ്പറേഷൻ ആസ്ഥാനത്തിന് പിന്നിലായതിനാൽ, ആ പ്രദേശവും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
മെച്ചപ്പെട്ട വെളിച്ച സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, പ്രീമിയം കഫേകൾ, കടകൾ, ഒരു ഓപ്പൺ സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വേലിയേറ്റ സമയത്ത് മറൈൻ ഡ്രൈവിൽ അടിഞ്ഞുകൂടുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനും സന്ദർശകരെ ആകർഷിക്കാനും പദ്ധതിയുണ്ട്.
രാത്രികാല വിനോദം മറൈൻ ഡ്രൈവിലെ സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. . വാരാന്ത്യങ്ങളിൽ ഓപ്പൺ സ്റ്റേജിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഏതൊരു രാത്രികാല സംരംഭത്തിനും കുടുംബങ്ങളുടെ പങ്കാളിത്തം ആവശ്യമായതിനാൽ അവർക്ക് മുൻഗണന നൽകും. കൂടാതെ, കുടുംബങ്ങളുടെ സാന്നിധ്യം കൂടുതൽ സുരക്ഷിതത്വബോധം നൽകുമെന്നും മേയർ മിനിമോൾ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications