ന്യൂഇയറും ക്രിസ്മസും; കൂടുതല്‍ സര്‍വീസ് നടത്താന്‍ കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും, സമയവും നീട്ടും
കൊച്ചി: ക്രിസ്തുമസ് - പുതുവത്സര സീസണ്‍ പ്രമാണിച്ച് സര്‍വീസുകള്‍ കൂട്ടാന്‍ നീക്കവുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. ഡിസംബര്‍ അവസാനത്തോടെ പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്തുമസ് - പുതുവത്സര സീസണില്‍ യാത്രക്കാരുടേയും വിനോദസഞ്ചാരികളുടേയും എണ്ണം കൂടുമെന്ന് കണ്ടാണ് നീക്കം. കഴിഞ്ഞ ഉത്സവ സീസണില്‍ വലിയ വരുമാനാണ് മെട്രോയ്ക്ക് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മെട്രോ സര്‍വീസ് അര്‍ധരാത്രി വരെ നീട്ടും. ആലുവ, എസ്എന്‍ ജംഗ്ഷന്‍ എന്നീ രണ്ട് ടെര്‍മിനലുകളിലേക്കും ഇടപ്പള്ളിയില്‍ നിന്ന് രാത്രി ഒരു മണി വരെയായിരിക്കും മെട്രോ സര്‍വീസ് നടത്തുക. പുതുവത്സര ആഘോഷത്തിന് ശേഷം ആളുകള്‍ സുരക്ഷിതരായി വീട്ടിലെത്തുന്നു എന്ന് ഉറപ്പുവരുത്താനാണ് സര്‍വീസ് നീട്ടുന്നതെന്ന് കെ എം ആര്‍ എല്‍ അധികൃതര്‍ വ്യക്തമാക്കി.

പൊതുവെ പുതുവത്സരത്തിന് കൊച്ചിയില്‍ ഗതാഗതക്കുരുക്ക് ഉച്ചസ്ഥായിയില്‍ എത്താറുണ്ട്. റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരെ ഗതാഗതക്കുരുക്ക് ബാധിക്കാതിരിക്കാനുമാണ് സര്‍വീസില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കിയ സമയക്രമവും മറ്റ് മാറ്റങ്ങളുടെ വിശദാംശങ്ങളും കെ എം ആര്‍ എലിന്റെ വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
ഇതിനോടകം തന്നെ ക്രിസ്മസും പുതുവത്സരവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ രാത്രിയില്‍ യാത്രക്കാരുടെ എണ്ണവും കൂടുതലാണ്. പുതുവത്സരാഘോഷത്തിന് വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികളും കൊച്ചിയിലെത്താറുണ്ട്. അതിനാല്‍ രാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ുതിയ തീരുമാനം സഹായകമാകും.
2024 ഡിസംബറില്‍ കൊച്ചി മെട്രോയുടെ വരുമാനം സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. 32.35 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ ഡിസംബറില്‍ മാത്രം മെട്രോ സര്‍വീസ് ഉപയോഗിച്ചത്. അതുവഴി 10.15 കോടി രൂപയുടെ വരുമാനവും ലഭിച്ചു. കഴിഞ്ഞ പുതുവത്സര ദിനത്തി 1.3 ലക്ഷം യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. 2023 ഡിസംബറില്‍ പ്രതിമാസം 29.59 ലക്ഷം ആളുകള്‍ മെട്രോ സര്‍വീസ് ഉപയോഗിച്ചത് വഴി 9.25 കോടി രൂപ.യാണ് വരുമാനമായി ലഭിച്ചത്.
അതേസമയം ഹൈക്കോടതി- ഫോര്‍ട്ട് കൊച്ചി ഭാഗങ്ങളിലുള്ള വാട്ടര്‍ മെട്രോ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിച്ചേക്കും എന്നാണ് വിവരം. ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണം സ്ഥിരമായി വര്‍ധിച്ചിട്ടുണ്ട് എന്നും തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമയം നീട്ടാനും ആലോചനയുണ്ടെന്ന് കെ ഡബ്ല്യു എം എല്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ വാട്ടര്‍ മെട്രോ ഒരു ദിവസം 30 സര്‍വീസുകള്‍ നടത്തുന്നുണ്ട്. രാത്രി 8.10 നാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications