5 കി.മി എസി യാത്ര, ടിക്കറ്റ് വെറും 20 രൂപ! കൊച്ചിയുടെ റോഡുകള്‍ ഇനി 'മെട്രോ കണക്ട്' ഭരിക്കും
കൊച്ചി: റെയില്‍, ജലഗതാഗതത്തിന് പുത്തന്‍മാനം നല്‍കി കൊച്ചിയുടെ മുഖച്ഛായ മാറ്റിയ മെട്രോ റോഡ് ഗതാഗത രംഗത്തേക്കും. കൊച്ചിയിലെ വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നുള്ള മെട്രോ കണക്ട് എന്ന ബസ് സര്‍വീസ് അടുത്ത ആഴ്ച ആരംഭിക്കും. സര്‍വീസിന് മുന്‍പുള്ള ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളെജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസ് നടത്തുക. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.

മറ്റ് റൂട്ടുകളില്‍ അഞ്ച് കിലോ മീറ്റര്‍ യാത്രയ്ക്ക് 20 രൂപയായിരിക്കും നിരക്ക്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബസുകളാണ് നിരത്തിലിറങ്ങുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. സുഖകരമായ സര്‍വീസിനായി 15 ഇലക്ട്രിക് ബസുകള്‍ ആണ് വാങ്ങിയിരിക്കുന്നത് എന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
എയര്‍പോര്‍ട്ട് റൂട്ടില്‍ നാല് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും സര്‍വീസ് നടത്തും. കളമശേരി, കളക്ട്രേറ്റ് റൂട്ടുകളില്‍ രണ്ട് വീതം ബസുകളാണ് സര്‍വീസ് നടത്തുക. ഇന്‍ഫോപാര്‍ക്ക്, കടവന്ത്ര റൂട്ടില്‍ ഓരോ ബസുമാണ് സര്‍വ്വീസ് നടത്തുക. എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ടായിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക.
രാവിലെ 6.45 ന് ആരംഭിക്കുന്ന സര്‍വീസ് രാത്രി 11 മണി വരെ ഉണ്ടായിരിക്കും. കളമശേരി-മെഡിക്കല്‍ കോളെജ് റൂട്ടില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട 7.30 വരെ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. കാക്കനാട് വാട്ടര്‍ മെട്രോ -കിന്‍ഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് ഏഴ് മണി വരെയായിരിക്കും സര്‍വീസ്. 25 മിനിറ്റ് ഇടവിട്ടാണ് ബസ് ഉണ്ടാകുക.
കാക്കനാട് വാട്ടര്‍ മെട്രോ -കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 7.30 വരെയും ഹൈക്കോര്‍ട്ട്-എംജിറോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും സര്‍വീസ് ഉണ്ടായിരിക്കും. കടവന്ത്ര കെപി വള്ളോന്‍ റോഡ് - പനമ്പിള്ളി നഗര്‍ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതല്‍ വൈകിട്ട് എഴ് മണി വരെ ആണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്.
മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളില്‍ ബസിനായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പേയ്മെന്റ് വഴിയാണ് ടിക്കറ്റ് എടുക്കേണ്ടത്. യാത്രക്കാര്‍ക്ക് കാഷ് ട്രാന്‍സാക്ഷന്‍, യുപിഐ, രൂപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് എന്നിവ വഴി പേയ്മെന്റ് നടത്താവുന്നതാണ്.












Click it and Unblock the Notifications