കൊച്ചി മെട്രോ; രണ്ടാം ഘട്ടത്തിന് അനുമതി, ഒക്ടോബർ മൂന്ന് മുതൽ മഹാരാജാസ് വരെ മെട്രോ കുതിക്കും
കൊച്ചി: ഒക്ടോബര്‍ മൂന്ന് മുതല്‍ ആലുവ- മഹാരാജാസ് വരെ മെട്രൊ കുതിക്കും. കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി ലഭിച്ചു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുളള രണ്ടാംഘട്ടത്തിനാണ് സുരക്ഷാ അനുമതി ലഭിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് അഞ്ച് സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്.
നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്. ബാംഗ്ലൂര്‍ ഉപകേന്ദ്രത്തില്‍ നിന്നുള്ള മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍(സിഎംആര്‍എസ്) കെ എ മനോഹരന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന പരിശോധനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടത്തിന് അനുമതി ലഭിച്ചത്.

ചൊവ്വഴ്ച ട്രെയിനിലേയും ട്രാക്കിലേയും പരിശോധനകളാണ് പ്രധാനമായി നടന്നത്. ഉച്ചയ്ക്കു ശേഷം മട്ടം യാര്‍ഡിലെ സംവിധാനങ്ങളും പരിശോധനാ വിധേയമാക്കി. രണ്ട് ദിവസമായി നടന്ന പരിശോധനയില്‍ ആദ്യദിനം മെട്രോ സ്‌റ്റേഷനുകളിലെയും യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതുമായി സൗകര്യങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്.
സ്‌റ്റേഷനിലേക്കും പുറത്തേക്കും കടക്കുന്നതിനുള്ള സൗകര്യങ്ങള്‍, ദിശാഫലകങ്ങള്‍, ലിഫ്റ്റും എസ്‌കലേറ്ററും അടങ്ങുന്ന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, കണ്‍ട്രോള്‍ റൂം, പ്ലാറ്റ്‌ഫോമിലെ സൗകര്യങ്ങള്‍ എന്നിവ സംഘം വിശദമായി പരിശോധിച്ചു വിലയിരുത്തി. മെട്രോയുടെ എറ്റവും വലിയ സ്‌റ്റേഷനായ കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ ആറുമണിക്കൂറിലേറെ സമയമെടുത്താണു പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു മറ്റു സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ സംഘം വിലയിരുത്തി. ഇതിനു ശേഷമാണ് സർവ്വീസ് തുടങ്ങാനുള്ള അനുമതി കൊടുത്തത്.












Click it and Unblock the Notifications