കൊച്ചി മെട്രോ സർവ്വീസ് സമയം ദീർഘിപ്പിച്ചു, ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്
യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണിവരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00 മണിക്ക് പുറപ്പെടുമെന്ന് അധികതർ അറിയിച്ചു.

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും നടത്തും.
പ്രത്യേക സർവീസുകൾ:
ഫെബ്രുവരി 15, 2026 (ഞായർ - ശിവരാത്രി):
തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11:30 (23:30 hrs) ന് പുറപ്പെടും.
ഫെബ്രുവരി 16, 2026 (തിങ്കൾ):
ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4:00 മണിക്ക് സർവീസ് ആരംഭിക്കും.
രാവിലെ 6:00 മണിവരെ 30 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കും. തുടർന്ന് ട്രെയിനുകൾ പതിവ് ടൈംടേബിൾ പ്രകാരം സർവീസ് നടത്തും.
പുതിയ റെക്കോർഡിൽ കൊച്ചി മെട്രോ ട്രെയിൻ
2017 ൽ സർവ്വീസ് തുടങ്ങിയ മെട്രോയിൽ കഴിഞ്ഞ മാസം വരെയുള്ള കണക്കുകൾ പ്രകാരം 17.52 കോടി യാത്രക്കാരെയാണ് വഹിച്ചത്. കഴിഞ്ഞ വർഷം മാത്രം യാത്രക്കാരുടെ എണ്ണം 365,861, 94 ആയി വർധിച്ചു. ഡിസംബറിൽ മാത്രം 32,68,063 പേരാണ് യാത്ര ചെയ്തത്.
മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15% കിഴിവുമായി കൊച്ചി മെട്രോ
മൊബൈൽ ക്യൂആർ ഡിജിറ്റൽ ടിക്കറ്റുകൾക്ക് അധിക കിഴിവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിലവിൽ യാത്രക്കാർക്ക് 10 ശതമാനം ഡിസ്കൌണ്ട് ലഭിച്ചിരുന്നു.
ടിക്കറ്റിംഗ് സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള 10 ശതമാനത്തിനു പുറമേ അധികമായി 5 ശതമാനം കൂടി അനുവദിച്ച് മൊത്തം 15 ശതമാനം ഡിസ്കൌണ്ട് മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് ലഭ്യമാക്കും. ഹ്രസ്വകാലത്തേക്കുള്ള ഈ ഓഫർ 2026 ജനുവരി 26 മുതലാണ് പ്രാlബല്യത്തിൽ വന്നത്.
ക്യാമറ അടിസ്ഥാനമാക്കിയ ക്യൂആർ സ്കാനിംഗ് സംവിധാനത്തിലേക്ക് പ്രവേശന ഗേറ്റുകൾ നവീകരിച്ചതോടെ മൊബൈൽ ക്യൂആർ ടിക്കറ്റുകളുടെ സ്കാനിംഗ് ഇപ്പോൾ കൂടുതൽ സുതാര്യവും തടസ്സരഹിതവുമായിരിക്കുകയാണ്. നിലവിൽ കൊച്ചി മെട്രോയുടെ മൊത്തം ടിക്കറ്റ് വിൽപ്പനയുടെ 34 ശതമാനം ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ്.












Click it and Unblock the Notifications