കൊച്ചി മെട്രോ നിര്‍മാണത്തില്‍ വലഞ്ഞ് ജനങ്ങള്‍; പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി
കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിച്ചുവരികയാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഉമ തോമസ് എംഎല്‍എ. ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൃക്കാക്കരയില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് മെട്രോ നിര്‍മ്മാണ കോറിഡോറിലും പ്രധാന ജംഗ്ഷനുകളിലും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ട്രാഫിക് വാര്‍ഡന്‍മാരെ വിന്യസിച്ചിട്ടുണ്ട്.

മെട്രോ നിര്‍മാണത്തിനായി റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിന് ശേഷം ചില സ്ഥലങ്ങളില്‍ റോഡിന് വീതി കുറവായത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. അതിനാല്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ജംഗ്ഷന്‍, കുന്നുംപുറം ജംഗ്ഷന്‍, പടമുഗള്‍ ജംഗ്ഷന്‍, ഈച്ചമുക്ക് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ബാരിക്കേഡുകള്‍ പരമാവധി അകത്തേക്ക് മാറ്റി റോഡിന്റെ വീതി വര്‍ധിപ്പിച്ചിട്ടുണ്ട്.
പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തെ മൂന്ന് സെക്ടറുകളായി തിരിച്ച് ട്രാഫിക് പൊലീസിന്റെ ബൈക്ക് പെട്രോളിംഗും മൊബൈല്‍ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട് എന്നും പ്രധാന ജംഗ്ഷനുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാന റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി സമാന്തര/ബദല്‍ റോഡുകള്‍ ഉപയോഗിക്കണം. ലഭ്യമായ സമാന്തര റോഡുകളില്‍ കൃത്യമായ ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബദല്‍ റോഡുകളുടെ നവീകരണത്തിനായി 7.5 കോടി രൂപ അനുവദിക്കണമെന്ന കെഎംആര്‍എല്ലന്റെ അപേക്ഷ നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ് എന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലം കണക്കിലെടുത്ത് റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ ഓടകള്‍ വൃത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് ഉറപ്പാക്കും എന്നും മുന്‍പ് ചില സുരക്ഷാ വീഴ്ചകള്‍ ഉണ്ടായ സാഹചര്യങ്ങള്‍ പരിഗണിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ നിലവില്‍ സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കൊച്ചി മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനാണ് മുന്‍ഗണന എന്നും അദ്ദേഹം വ്യക്തമാക്കി.















Click it and Unblock the Notifications