കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം കറുകുറ്റി വരെ നീട്ടുമോ? സാധ്യതകൾ ഇങ്ങനെ
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം അങ്കമാലിയിലെ കറുകുറ്റി വരെ നീട്ടണമെന്ന ആവശ്യം ശക്തമാക്കി പൗരസമിതികൾ . നിലവിൽ, ആലുവയിൽ നിന്ന് എൻഎച്ച് 544 വഴി കൊച്ചി വിമാനത്താവളം, വരാനിരിക്കുന്ന വിമാനത്താവള റെയിൽവേ സ്റ്റേഷൻ, തുടർന്ന് അങ്കമാലിയിലെ കരിയംപറമ്പ് വരെയുള്ള മെട്രോ ലൈനിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ പഠനങ്ങൾ നടക്കുകയാണ്. ഈ മാസം ആദ്യം ഇതിനായുള്ള സർവ്വേകളും പൂർത്തിയാക്കിയിരുന്നു.
നിർദ്ദിഷ്ട ലൈൻ കറുകുറ്റി വരെ നീട്ടുന്നത് വലിയ പ്രയോജനം ചെയ്യുമെന്ന് കറുകുറ്റി മെട്രോ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ലാലു ജോർജ് പൈനാട് പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയിലുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കരിയംപറമ്പിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള കറുകുറ്റിയെ നിലവിൽ ടെർമിനൽ സ്റ്റേഷനായി പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

'നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും അവിടെയുണ്ട്. മെട്രോ റെയിൽ കണക്റ്റിവിറ്റി എറണാകുളം ജില്ലയുടെ പ്രാന്തപ്രദേശങ്ങൾക്കും വലിയ നേട്ടങ്ങൾ നൽകും,. കൂടാതെ, കരിയംപറമ്പ് നിലവിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കിലാണ്. മൂന്ന് ബൈപ്പാസുകൾ ഇവിടെ സംഗമിക്കുന്ന റോഡ് വികസന പദ്ധതികൾ വരുന്നതോടെ നഗരം കൂടുതൽ തിരക്കേറിയതാകും. ടെർമിനൽ സ്റ്റേഷനായി ഇത് തുടർന്നാൽ നിലവിലുള്ള തിരക്ക് വർദ്ധിപ്പിക്കുകയേ ഉള്ളൂ', അദ്ദേഹം വിശദീകരിച്ചു.
ആക്ഷൻ കൗൺസിൽ തങ്ങളുടെ ആവശ്യം കെ എം ആർ എൽ എംഡി ലോക്നാഥ് ബെഹ്റയെ അറിയിച്ചിട്ടുണ്ട്. മെട്രോ അധികാരികളിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതിനെ തുടർന്ന്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയും കണ്ട് പദ്ധതിക്ക് അനുമതി തേടാൻ ഒരുങ്ങുകയാണെന്നും കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു.
മെട്രോയുടെ മൂന്നാംഘട്ടമായ അങ്കമാലി റൂട്ട് വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തിലൂടെയാണ്. ഏപ്രിലോടെ ആഗോള കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്ര എംവിഎ പദ്ധതിയുടെ വിശദമായ ഡിപിആർ തയ്യാറാക്കും.
കേരളത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ പാതയാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. വിമാനത്താവളത്തിന് സമീപം ഒരു ചെറിയ ഭൂഗർഭ പാതയായിരുന്നു മുൻപ് ആലോചിച്ചിരുന്നതെങ്കിൽ, ഇപ്പോൾ കൂടുതൽ ദൈർഘ്യമുള്ള ഒരു തുരങ്കപാതയുടെ സാധ്യതയാണ് അധികൃതർ പരിശോധിക്കുന്നത്. കൂടാതെ, നൂതനമായ മൾട്ടി-മോഡൽ കണക്റ്റിവിറ്റി സാധ്യതകളും പരിഗണനയിലുണ്ട്. വിമാനത്താവളത്തിന് സമീപം ഒരു ഭൂഗർഭ മെട്രോ സ്റ്റേഷനും നെടുംബശ്ശേരിയിൽ പ്രതീക്ഷിക്കുന്ന റെയിൽവേ ബന്ധമടക്കം മറ്റ് ഗതാഗത സംവിധാനങ്ങളുമായി തടസ്സങ്ങളില്ലാത്ത സംയോജനവുമാണ് നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത് മെട്രോ, റെയിൽ, വ്യോമ ഗതാഗതങ്ങൾക്കിടയിൽ സുഗമമായ യാത്ര സാധ്യമാക്കും. പദ്ധതിയുടെ ആകെ ചെലവ് 8,000 കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications