വിമാനത്താവളത്തിൽ ഭൂമിക്കടിയിൽ സ്റ്റേഷൻ, തീർന്നില്ല പ്ലാൻ; വമ്പൻ പദ്ധതികളുമായി കൊച്ചി മെട്രോ
കൊച്ചി: വമ്പൻ പദ്ധതികളുമായി കൊച്ചി മെട്രോ. വിമാനത്താവളത്തിൽ ഭൂമിക്കടിയിൽ സ്റ്റേഷൻ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷം ആക്കുകയാണ് ലക്ഷ്യമെന്ന് കെ എം ആർ എൽ എൽ എം ഡി ലോക് നാഥ് ബഹ്റ പറയുന്നു.
തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഈ വർഷം ആദ്യം കമ്മീഷൻ ചെയ്യുന്നതോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ പത്ത് കോടി ആളുകൾ മെട്രോയിൽ യാത്ര ചെയ്തു. പ്രതിദിന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ആദ്യം ശരാശരി 79,130 ആയിരുന്നത് വർഷം അവസാനമായപ്പോഴേക്കും 94,982 ആയി വർദ്ധിച്ചു.

വാട്ടർ മെട്രോയും പ്രതീക്ഷ നൽകുന്ന ഒന്നാണ് വാട്ടർ മെട്രോയുടെ 38 ടെർമിനലിൽ 14 ന് എണ്ണത്തിന് നിർമാണ കരാർ നൽകി. 9 ടെർമിനൽ സർവീസിന് തയ്യാറാണ്. അഞ്ചെണ്ണം കൂടി ഉടൻ പൂർത്തിയാവും. 23 ബോട്ടുകൾക്ക് കരാർ നൽകിയതിൽ 12 ലഭിച്ചു. ബാക്കിയുള്ളത് ജൂണിന് മുമ്പ് നൽകണമെന്ന് കൊച്ചി കപ്പൽ ശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം തന്നെ ചിറ്റൂർ, മുളവുകാട് റൂട്ടിൽ സർവീസ് ആരംഭിക്കും.
മൂന്നാം ഘട്ടം:
ആലുവ - അങ്കമാലി മൂന്നാം ഘട്ടത്തിൽ എയർപോർട്ടിലേക്ക് ലിങ്ക് ലൈൻ നിർമ്മിക്കും. വിമാനത്താവളത്തിൽ ഭൂമിക്കടിയിലാണ് സ്റ്റേഷൻ പ്ലാൻ ചെയ്യുന്നത്. നിലവിലുള്ള മെട്രോയുടെ എക്സ്റ്റൻഷൻ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലും എന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം, കൊച്ചി മെട്രോയിൽ ഇന്ന് മുതൽ വാട്സ്ആപ്പ് ടിക്കറ്റ് എടുക്കാം. വാട്സ്ആപ്പ് നമ്പറായ 9188957488 ലേക്ക് ' ഹായ് ' എന്ന സന്ദേശം അയച്ചാൽ ടിക്കറ്റ് ലഭിക്കും. യാത്ര തുടങ്ങുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും തിരഞ്ഞെടുത്ത് പേയ്മെന്റ് ആപ്പിലൂടെ പണം അയക്കാം. ക്യൂർ കോഡ് ടിക്കറ്റ് മറുപടി മെസേജിൽ ലഭിക്കും.
പ്ലാറ്റ്ഫോം ഗേറ്റിൽ ഇത് കാണിച്ചാൽ മെട്രോയിൽ കയറാം.. 15 ദിവസമായി പുതിയ സംവിധാനം പരീക്ഷണത്തിലാണ്. ഇതുവരെ പിഴവുകൾ കണ്ടില്ല എന്നാണ് കെ എം ആർ എൽ എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞത്
വാട്സ്ആപ്പ് ടിക്കറ്റിന് സാധാരണ സമയത്ത് 10 ശതമാനം നിരക്ക് ഇളവുണ്ട്. രാവിലെ 5.45 മുതൽ 7 വരെയും രാത്രി 10 മുതൽ 11 വരെയുമുള്ള സമയത്ത് പകുതി നിരക്കും നൽകിയാൽ മതി.












Click it and Unblock the Notifications