ശീമാട്ടിയുടെ കീഴടങ്ങല്‍; സോഷ്യല്‍ മീഡിയയുടെ വിജയം
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി അവതാളത്തിലാക്കുംവിധം, സ്ഥലമെടുപ്പിന് എതിരെ നിലകൊണ്ട കൊച്ചിയിലെ ശീമാട്ടി ഒടുവില്‍ സര്‍ക്കാരിന് വഴങ്ങിയത് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്ന്. ശീമാട്ടി സ്ഥലം വിട്ടുകൊടുക്കാത്ത സംഭവം ഒറ്റക്കോളം വാര്‍ത്തപോലും ആക്കാതെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍വലിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകളും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മകളുമാണ് ശീമാട്ടിക്കെതിരെ രംഗത്തിറങ്ങിയത്.
എംജി റോഡിലെ 32 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നു കെഎംആര്‍എല്ലും ശീമാട്ടിയുടെ ഉടമ ബീനാ കണ്ണനും തമ്മില്‍ സ്ഥലപ്രശ്‌നം നിലനിന്നിരുന്നത്. എന്തുവന്നാലും സ്ഥലം വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ബീനാ കണ്ണന്‍. പിന്നീട് സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍, ഇക്കാര്യം പുറത്തായതോടെ ജില്ലാ ഭരണകൂടം ഇതില്‍ നിന്നും പിന്‍മാറി. പാവപ്പെട്ടവരുടെ സ്ഥലം രായ്ക്കുരാമാനം ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ ബിസിനസ് പ്രമുഖയ്ക്കുവേണ്ടി ഒത്തുതീര്‍പ്പു നടത്തുകയാണെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ശീമാട്ടിക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു. സിനിമാ രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍ ശീമാട്ടിയുടെ നിലപാടിനെതിരെ പ്രതികരിച്ചു.
പ്രതിഷേധം രൂക്ഷമായതോടെ മെട്രോയുടെ അഞ്ചു തൂണുകള്‍ സ്ഥാപിക്കാനാവശ്യമായ സ്ഥലം നല്‍കാമെന്ന് ശീമാട്ടി ഒടുവില്‍ സമ്മതിക്കുകയായിരുന്നു. രണ്ടു വര്‍ഷം നീണ്ടു നിന്ന തര്‍ക്കമാണ് ഒടുവില്‍ ശുഭമായി അവസാനിക്കുന്നത്. ഇതോടെ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗങ്ങളില്‍ മുടങ്ങിക്കിടക്കുന്ന നിര്‍മാണ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.












Click it and Unblock the Notifications