ശീമാട്ടിയുടെ ഭൂമി; കളക്ടറും കെഎംആര്‍എല്ലും ഏറ്റുമുട്ടലില്‍
കൊച്ചി: കൊച്ചി മെട്രോയ്ക്കുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതിന് പിന്നാലെ ജില്ലാ ഭരണകൂടവും കെഎംആര്‍എല്ലും ഏറ്റുമുട്ടലില്‍. ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നതോടെ വിഷയത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം പ്രതികരിച്ചു.
ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസം വരുത്തിയത് കെഎംആര്‍എല്ലിന്റെ നിലപാടാണെന്ന് രാജമാണിക്യം വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായിട്ടില്ല. കെഎംആര്‍എല്‍ ശീമാട്ടിയുമായി ധാരണാ ശ്രമവുമായി മുന്നോട്ടു പോയി സമയം കളയുകയായിരുന്നെന്നും മെട്രോ കമ്പനി പ്രസ്താവനകള്‍ നടത്തുമ്പോള്‍ വിശ്വാസ്യത കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസം നേരിട്ടത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പുകേടാണെന്ന് കെഎംആര്‍എല്‍ കുറ്റപ്പെടുത്തിയിരുന്നു. പലതവണ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ജില്ലാഭരണകൂടം അതിന് തയ്യാറായില്ലെന്നും അവര്‍ പരോക്ഷമായി വിമര്‍ശിച്ചു.
രണ്ടുവര്‍ഷത്തോളമായുള്ള ശ്രമത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് ശീമാട്ടിയുടെ 32 സെന്റ് ഭൂമി മെട്രോയ്ക്ക് വിട്ടു നല്‍കാന്‍ സമ്മതിച്ചത്. സ്ഥലം ബലമായി പിടിച്ചെടുക്കണമെന്ന് രാഷ്ട്രീയ നേതൃത്വവും സോഷ്യല്‍ മീഡിയയും ആവശ്യപ്പെട്ടതോടെ പ്രതിഷേധം ഭയന്ന സ്ഥലം ഉടമ സര്‍ക്കാര്‍ നഷ്ടപരിഹാര വ്യവസ്ഥ അംഗീകരിച്ച് ഭൂമി വിട്ടു നല്‍കുകയായിരുന്നു. നേരത്തെ ഭൂമി പാട്ടക്കരാര്‍ വ്യവസ്ഥയില്‍ മാത്രമേ വിട്ടു നല്‍കൂ എന്ന വ്യവസ്ഥയായിരുന്നു സ്ഥാപനം മുന്നോട്ട് വെച്ചിരുന്നത്.












Click it and Unblock the Notifications