കൊച്ചി മെട്രോ ഇൻഫോപാർക്കിലേക്ക്, ആയിരം കോടി വായ്പയെടുക്കാൻ അനുമതി, അതിവേഗം പുരോഗമിച്ച് രണ്ടാം ഘട്ടം
കൊച്ചി മെട്രോ രണ്ടാംഘട്ടം പ്രവർത്തനങ്ങൾക്ക് 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി നൽകി മന്ത്രിസഭ. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നുമാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വായ്പയെടുക്കുക.
ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിന് കെഎംആർഎലിനെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി.
പി രാജീവ് പങ്കുവെച്ച കുറിപ്പ് വായിക്കാം: ''ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നും 1016.24 കോടി രൂപ വായ്പയെടുക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ഇന്നുചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. അതിവേഗത്തിൽ പുരോഗമിക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഈ തുക ചിലവഴിക്കുക. ആകെ 10 സ്റ്റേഷനുകളാണ് 10.58 കിലോമീറ്റര്‍ ദൂരമുള്ള ഈ റൂട്ടിലുള്ളത്.

പാലാരിവട്ടം, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍, സിവില്‍സ്റ്റേഷന്‍ ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവയാണ് സ്റ്റേഷനുകള്‍. ഒരേസമയം തന്നെ എല്ലായിടത്തും പ്രവൃത്തി നടത്തുന്നതിനാൽ പദ്ധതി പെട്ടെന്ന് പുരോഗമിക്കുകയാണ്. 2017ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഫോപാർക്ക് പാതയ്‌ക്ക് 2022ൽ മാത്രമാണ് കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയത്. എന്നാൽ പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ വിദേശവായ്‌പ ഏജൻസി പിന്മാറിയതിനാൽ നിർമാണം വീണ്ടും വൈകിയെങ്കിലും ഇതെല്ലാം മറികടന്നാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടരുന്നത്.
1999ല്‍ സ. ഇ കെ നയനാരുടെ എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ മെട്രോ റെയില്‍ പദ്ധതി സാധ്യത പഠനം നടത്തിയത്. 2007 ഫെബ്രുവരി 28ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മെട്രോ ഓടിത്തുടങ്ങി. മെട്രോ നിർമ്മാണം വിഭാവനം ചെയ്തതിൽ നിന്ന് വഴി മാറുന്നുവോ എന്ന് സംശയം ജനിപ്പിച്ച സാഹചര്യങ്ങളിൽ അതിനെ പ്രതിരോധിക്കാൻ ആവുന്നത്ര ശ്രമം നടത്താനായി എന്നത് തിരിഞ്ഞു നോക്കുമ്പോൾ വ്യക്തിപരമായി സന്തോഷം നൽകുന്നുണ്ട്. പൊതു ഗതാഗത മേഖലയിൽ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ അനിവാര്യമാണെന്ന് കൊച്ചി മെട്രോ എപ്പോഴും ബോധ്യപ്പെടുത്തുന്നു''.












Click it and Unblock the Notifications