ഇനി കാത്തിരുന്ന് മുഷിയില്ല; തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവ്വീസുമായി കൊച്ചി മെട്രോ
തിരക്കേറിയ സമയങ്ങളിൽ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർധിപ്പിച്ച് കൊച്ചി മെട്രോ. കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധന കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായാണ് പ്രവൃത്തി ദിവസങ്ങളിലെ (തിങ്കൾ മുതൽ ശനി വരെ) തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ 22 മുതൽ കൂടുതൽ സർവ്വീസുകൾ ഉണ്ടാകും. രാവിലെ 8.00 മുതൽ 10.00 വരെയും, വൈകിട്ട് 4.00 മുതൽ 7.00 വരെയും ട്രെയിനുകൾ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയിൽ സർവീസ് നടത്തും. ഇതിനായി ഈ സമയങ്ങളിൽ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും.

അധിക സർവീസുകൾ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഈ കാലയളവിൽ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ പറഞ്ഞു.
കുസാറ്റ് മെട്രോ സ്റ്റേഷനിൽ ഐഐഎം കെ കൊച്ചി ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോയുടെ നോൺ-ഫെയർ റവന്യൂ പദ്ധതിയുടെ ഭാഗമായി കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിർമ്മിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) കൊച്ചി ക്യാമ്പസ് പ്രവർത്തനം തുടങ്ങി. കാമ്പസിൽ നടന്ന ചടങ്ങിൽ ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയുടെ സാന്നിദ്ധ്യത്തിൽ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു. കെഎംആർഎല്ലും ഐഐഎം കോഴിക്കോടും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ബിൽഡ്-ടു-സ്യൂട്ട് മാതൃകയിലാണ് ക്യാമ്പസ് നിർമ്മിച്ചിരിക്കുന്നത്.
പൊതുഗതാഗത സംവിധാനവും ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഒരുമിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ശ്രദ്ധേയമായ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് പദ്ധതികളിലൊന്നാണിത്. 62,000 ചതുരശ്ര അടി വിസ്തൃതിയിലും ഏഴ് നിലകളിലുമായി ഉയർന്നിരിക്കുന്ന ക്യാമ്പസ് എറണാകുളം ജില്ലയിലെ ഏറ്റവും ഉയരമുള്ള വിദ്യാഭ്യാസ സമുച്ചയങ്ങളിൽ ഒന്നാണ്. ഏകദേശം 500 മെട്രിക് ടൺ സ്റ്റീലും 1,800 ചതുരശ്ര മീറ്റർ ഗ്ലാസും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ആധുനിക വാസ്തുവിദ്യയുടെയും എഞ്ചിനീയറിങ് മികവിന്റെയും മികച്ച ഉദാഹരണമാണ്. പ്രകൃതിദത്ത വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുന്ന രൂപകൽപ്പനയും ഊർജക്ഷമതയും കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.
ചടങ്ങിൽ കെ.എം.ആർ.എൽ ചീഫ് എൻജീനിയർമാരായ വിനു സി കോശി, ജോൺസൺ റ്റി സി, ചീഫ് മാനേജർ മാർക്കറ്റിംഗ് എസ് മുരളി കൃഷ്ണൻ, ജോയ്ന്റ് ജനറൽ മാനേജർമാരായ സീന പി സി, രഞ്ജിനി ആർ, ചീഫ് സെക്യൂരിറ്റി ഓഫീസർ ജിജിമോൻ കെ.എം, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ പോൾ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
കുസാറ്റ് മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സന്ദർശകർക്കും പൊതുഗതാഗതത്തിലൂടെ ക്യാമ്പസിലെത്താൻ സൗകര്യമൊരുങ്ങുന്നു. കൊച്ചിയുടെ ആകാശരേഖയ്ക്ക് പുതിയ ഭംഗി പകരുന്നതോടൊപ്പം, ഉന്നത മാനേജ്മെന്റ് വിദ്യാഭ്യാസത്തിന്റെയും സുസ്ഥിര നഗരവികസനത്തിന്റെയും പുതിയ പ്രതീകമായും ഐഐഎം കോഴിക്കോട് കൊച്ചി ക്യാമ്പസ് മാറുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ.


Click it and Unblock the Notifications