കൊച്ചി മെട്രോയുടെ വമ്പൻ ഓഫർ; മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15% കിഴിവ്
മൊബൈൽ ക്യൂആർ ഡിജിറ്റൽ ടിക്കറ്റുകൾക്ക് അധിക കിഴിവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിലവിൽ യാത്രക്കാർക്ക് 10 ശതമാനം ഡിസ്കൌണ്ട് ലഭിച്ചിരുന്നു.
ടിക്കറ്റിംഗ് സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള 10 ശതമാനത്തിനു പുറമേ അധികമായി 5 ശതമാനം കൂടി അനുവദിച്ച് മൊത്തം 15 ശതമാനം ഡിസ്കൌണ്ട് മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് ലഭ്യമാക്കും. *ഹ്രസ്വകാലത്തേക്കുള്ള ഈ ഓഫർ* 2026 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും.

ക്യാമറ അടിസ്ഥാനമാക്കിയ ക്യൂആർ സ്കാനിംഗ് സംവിധാനത്തിലേക്ക് പ്രവേശന ഗേറ്റുകൾ നവീകരിച്ചതോടെ മൊബൈൽ ക്യൂആർ ടിക്കറ്റുകളുടെ സ്കാനിംഗ് ഇപ്പോൾ കൂടുതൽ സുതാര്യവും തടസ്സരഹിതവുമായിരിക്കുകയാണ്. നിലവിൽ കൊച്ചി മെട്രോയുടെ മൊത്തം ടിക്കറ്റ് വിൽപ്പനയുടെ 34 ശതമാനം ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ്.
14 ലക്ഷം യാത്രക്കാർ: കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് മെട്രോ കണക്ടിന് ഒരു വയസ്. കൊച്ചി മെട്രോയിലേക്കും വാട്ടർ മെട്രോയിലേക്കും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായാണ് ഇലക്ട്രിക് ബസ് സർവ്വീസ് ആരംഭിച്ചത്. ആദ്യ വർഷം തന്നെ ആറ് പ്രധാന റൂട്ടുകളിലായി സർവീസ് വ്യാപിപ്പിക്കുകയും 15 ഇലക്ട്രിക് ബസുകൾ, ഏഴ് ചാർജിങ് യൂണിറ്റുകൾ, ഒരു ഡിപ്പോ എന്നിവയടങ്ങിയ സംവിധാനമായി ഫീഡർ ബസ് സർവ്വീസ് വളരുകയും ചെയ്തു. പ്രതിദിനം ശരാശരി 2,300 കിലോമീറ്റർ സർവീസ് നടത്തുന്ന ഈ സംവിധാനം, ഒരു വർഷത്തിനുള്ളിൽ ഏകദേശം 7 ലക്ഷം കിലോമീറ്റർ പിന്നിട്ടു.
ഈ കാലയളവിൽ 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസിന്റെ ഗുണഭോക്താക്കളായത്. ആലുവ-സിയാൽ എയർപോർട്ട് റൂട്ട് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. മെഡിക്കൽ കോളേജ്, കടവന്ത്ര-പനമ്പിള്ളി നഗർ, ഹൈക്കോർട്ട് സർക്കുലർ, റൂട്ടുകളും മികച്ച പ്രതികരണമാണ് നേടിയത്.
രണ്ടാം വർഷത്തിൽ ലൈവ് GTFS (ജനറൽ ട്രാൻസിറ്റ് ഫീഡ് സ്പെസിഫിക്കേഷൻ) അടിസ്ഥാനമാക്കിയുള്ള റിയൽടൈം വാഹന ട്രാക്കിംഗ് സംവിധാനം നടപ്പാക്കാൻ കെഎംആർഎൽ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് ബസുകളുടെ തത്സമയ വിവരം ലഭിക്കുകയും കാത്തിരിപ്പ് സമയം കുറയുകയും ചെയ്യും. ലൈവ് ന്യൂസോടുകൂടിയ ഇൻ-വെഹിക്കിൾ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഉടൻ അവതരിപ്പിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ട പദ്ധതിയോടൊപ്പം ഇലക്ട്രിക് ഫീഡർ നെറ്റ്‌വർക്കും കൂടുതൽ ശക്തിപ്പെടുത്തും.












Click it and Unblock the Notifications