കൊച്ചിയിലാണോ പുതുവത്സര ആഘോഷം? ഈ നിയന്ത്രണങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും
പുതുവത്സരത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി. കാർണിവലിന് ലക്ഷങ്ങൾ എത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകുടം ശക്തമാക്കിയിട്ടുണ്ട്. കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കോർപ്പറേഷൻ മേയർ വികെ മിനിമോൾ പറഞ്ഞു. കൊച്ചുകുട്ടികളെ കാർണിവലിന് കൊണ്ടുവരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പോലീസ് വകുപ്പിൻ്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് കൊച്ചിൻ കാർണിവലിൻ്റെ പ്രധാന വേദി ആകും. കൂടാതെ വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പുതുവത്സരാഘോഷങ്ങൾ നടക്കും. വിവിധ ഇടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി 28 ഇൻസ്പെക്ടർമാരും 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിംഗ് നിരോധിക്കും.ബുധനാഴ്ച ( ഡിസംബർ 31) ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിംഗ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.വൈപ്പിന്‍ - മുനമ്പം സംസ്ഥാന പാതയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡ് വണ്‍വേ ആക്കും.

വൈപ്പിൻ ഭാഗത്തു നിന്നും റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് മാത്രമേ റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ കഴിയുകയുള്ളു. വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസുകൾ പുലർച്ചെ മൂന്നു വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും. കൂടാതെ കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരിക്കും. ഇതു കൂടാതെ ബയോ ടോയ്‌ലറ്റ് സംവിധാനങ്ങളും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മെട്രോ സർവ്വീസുകൾ
ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ നാലുവരെ ഉണ്ടാകും
വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്താണ് കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകൾ ദീർഘിപ്പിക്കുന്നത്.
ജനുവരി 3 വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11:00 മണി വരെ സർവീസ് നടത്തും. ന്യൂ ഇയർ പ്രമാണിച്ച്ഡിസംബർ 31 പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് ഉണ്ടാകും. ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1:30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 2 മണി വരെ ലഭ്യമാകും.












Click it and Unblock the Notifications