തേവര ജെട്ടി ഒഴിവാക്കിയാൽ പടിഞ്ഞാറൻ ദ്വീപുകാരുടെ യാത്ര ദുരിതത്തിൽ; എങ്ങനെ നഗരത്തിലെത്തും?, ആശങ്ക
കൊച്ചി വാട്ടർമെട്രോ നെറ്റ്വർക്കിൽ നിന്നും തേവര ജെട്ടിയെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ ആശങ്ക ഉയരുന്നു. ബദൽ സംവിധാനങ്ങളൊന്നും പരിഗണിക്കാതെ ജെട്ടിയെ ഒഴിവാക്കുന്നത് പടിഞ്ഞാറൻ ദ്വീപ് പ്രദേശങ്ങളെ എങ്ങനെ നഗരത്തിലെ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
തേവര കൂടാതെ ആസ്റ്റർ, അമൃത, കോതാട്, തേവര, ചെറിയന്തുരുത്ത്, മൂളവുകാട് എന്നീ അഞ്ച് ടെർമിനലുകളെ മാസ്റ്റർ പ്ലാനിൽ നിന്നും ഒഴിവാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. സാങ്കേതികപരവും ഭരണപരവുമായ തടസങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. കുംമ്പളം , എടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിൽ നിന്നും സിറ്റിയിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള ഇൻ്റർചേഞ്ച് ജെട്ടി എന്ന നിലയ്ക്കാണ് തേവരയെ കണക്കാക്കിയിരുന്നത്. വലിയ ഗതാഗതക്കുരിക്കിൽ പെടാതെ യാത്രക്കാർക്ക് നേരിട്ട് നഗരത്തിലെത്താനുള്ള മാർഗം കൂടിയായിരുന്നു ഇത്. തേവര ഒഴിവാക്കിയാൽ മറ്റേത് ജെട്ടിയെ ആണ് ഈ തരത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കുകയെന്നതാണ് ചോദ്യം.

എറണാകുളത്തേക്കോ അല്ലെങ്കിൽ ഹൈക്കോടതിയിലേക്കോ കണക്ടിവിറ്റി മാറ്റിയാൽ പടിഞ്ഞാറൻ ദ്വീപുകളിൽ നിന്നുള്ളവരെ സംബന്ധിച്ച് ഇവിടേക്കുള്ള യാത്ര ദൈർഘ്യം കൂടുതലാണ്. നിർദ്ദിഷ്ട നെട്ടൂർ ജെട്ടിയാകട്ടെ വളരെ കുറഞ്ഞ പ്രദേശവാസികളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. അതുകൊണ്ട് തന്നെ നെട്ടൂർ ജെട്ടിക്കും ഇതിന് പരിഹാരം കാണാൻ സാധിക്കില്ല. എന്നാൽ നെട്ടൂർ വാട്ടർ മെട്രോ ടെർമിനലിനെ പ്രധാന ടെർമിനലായി വികസിപ്പിക്കാനൊരുങ്ങുകയാണ് കെഎംആർഎൽ. ഇടക്കൊച്ചി, കുമ്പളം, തൈക്കൂടം, വൈറ്റില എന്നീ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നെട്ടൂരിനെ ഒരു ഇടക്കാല ഹബ്ബായി വികസിപ്പിക്കുകയാണ് ലക്ഷ്യം.
തേവരയെ ഒഴിവാക്കുന്നത് ഇടക്കൊച്ചി-പള്ളുരുത്തി ഭാഗത്ത് വലിയ ഗതാഗത തടസം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 'ഇടക്കൊച്ചി-പള്ളുരുത്തി പാലത്തിൽ ഇപ്പോൾ തന്നെ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തന്ത്രപ്രധാനമായ ജലപാത ഒഴിവാക്കിയാൽ സ്വാഭാവികമായി കൂടുതൽ പേർ സ്വകാര്യ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങും. മാത്രമല്ല നെട്ടൂർ റൂട്ടിൽ നിന്ന് കിഴക്ക് ഭാഗത്തേക്ക് ഇതിനോടകം തന്നെ റോഡ് മാർഗം മികച്ച കണക്ടിവിറ്റിയുണ്ട്', വിദഗ്ധർ പറയുന്നു.
അതുപോലെ തന്നെ എറണാകുളം ടെർമിനലിൻ്റെ ശേഷിയും ആശങ്ക ഉയർത്തുന്നുണ്ട്. ' നേരത്തേ അവിടെ നാല് ബെർത്തുകളാണ് നിർദേശിച്ചിരുന്നത്. അതിപ്പോൾ ഒരു ബെർത്താക്കി കുറച്ചു. അതായാത് മെട്രോ നെറ്റ്വർക്കിൽ വരുത്തുന്ന മാറ്റം മൂലം ഉണ്ടാകാനിടയുള്ള അധിക യാത്രക്കാരെ ഉൾക്കൊള്ളാൻ ടെർമിനലിന് സാധിക്കുമോയെന്നതാണ് ചോദ്യം', വിദഗ്ധർ ചോദിക്കുന്നു.
തേവര ബോർട്ട് യാർഡിനെ ആധുനികവത്കരിക്കാൻ നേരത്തേ 10 കോടി അനുവദിച്ചിരുന്നു. ബോട്ടുകളുടെ അറ്റകുറ്റപണികൾ ഉൾപ്പെടെ നടത്തുന്നതിനായി ബോർട്ട് യാർഡ് കം ഡിപ്പോയാക്കി മാറ്റാനായിരുന്നു പദ്ധതി. എന്നാൽ തേവര ജെട്ടിയെ ഒഴിവാക്കിയാൽ ഇത്തരമൊരു കേന്ദ്രം എവിടെയൊരുക്കും എന്ന ചോദ്യവും വിദഗ്ധർ ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പദ്ധതി ഒഴിവാക്കും മുൻപ് ഓരോ ജെട്ടികൾ സംബന്ധിച്ചും വിശദമായി പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കാവൂവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications
