സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് പോലീസ്
കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാന് എതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തതായി റിപ്പോർട്ട്. ഷാനെതിരെ കൊച്ചി പോലീസാണ് കേസെടുത്തിരിക്കുന്നത്. കൊച്ചിയിൽ ജനുവരിയിൽ നടന്ന സംഗീത നിശയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് കേസ്. മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്റ് ജനുവരി 23 ന് കൊച്ചിയിൽ നടത്തിയ ഉയിരെ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും. ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷൻ, താമസം, ഭക്ഷണം, യാത്രസ പാർക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗൺസർമാർക്ക് കൊടുക്കേണ്ട തുക വരെ ചെലവിട്ടത് അറോറയാണെന്നും ആകെ 38 ലക്ഷം രൂപ ചെലവായി, അഞ്ച് പൈസ പോലും തിരികെ ലഭിച്ചില്ലെന്നും അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നിജു രാജിന്റെ പരാതിയിൽ പറയുന്നു.

പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ആരോപിച്ചതായും നിജു ആരോപിക്കുന്നു. സഹികെട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം സൗത്ത് പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തതോടെ ഷാൻ മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നാണ് കോടതി പറഞ്ഞത്. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനും റോഡിൽ ഗതാഗത തടസ്സമുണ്ടാക്കിയതിനും ഷാനെതിരെ വേറെയും കേസുണ്ട്..












Click it and Unblock the Notifications