കൊച്ചിക്കാർക്ക് ആശ്വാസം; ഫോർട്ട് കൊച്ചിയിൽ തിരക്കില്ലാതെ എത്താം; ഡിസംബറിൽ 3 റോ റോകളും സർവ്വീസ് നടത്തും
ഡിസംബറിൽ മൂന്ന് റോ-റോ (റോൾ-ഓൺ റോൾ-ഓഫ്) ജങ്കാറുകളും സർവീസ് നടത്താൻ കൊച്ചി കോർപ്പറേഷൻ. ഫോർട്ട് കൊച്ചിയിലെ കാർണിവൽ, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തിരക്ക് കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായാണ് നടപടി. ജനുവരി 15 വരെ റോ റോ ജങ്കറുകൾ സർവ്വീസ് നടത്താനാണ് നീക്കം.
നിലവിലുള്ള രണ്ട് റോ റോ സർവ്വീസുകളിൽ ഒന്ന് ഒറ്റകുറ്റപണികൾക്കായി മാറ്റിയിരിക്കുകയാണ്. അതിനിടെ മൂന്നാമത്തെ റോ റോ സർവ്വീസ് ഇനിയും സർവ്വീസ് ആരംഭിക്കാത്തതിൽ കോർപറേഷനെതിരെ എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ജുലൈ 12 നായിരുന്നു മൂന്നാമത്തെ റോ റോ സർവ്വീസ് ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ ദിവസം കൊച്ചി കോർപറേഷൻ പുതിയ ജങ്കാർ വെപ്പിനിൽ എത്തിച്ചിരുന്നു. തുടർന്ന് കരാർ സഹിതം കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന് (കെ എസ് ഐ എൻ സി) കൈമാറി. കൊച്ചിൻ ഷിപ്പ്യാഡ് (സി എസ് എൽ )ആണ് പുതിയ ജങ്കാർ നിർമ്മിച്ചത്. മറ്റ് കപ്പലുകൾക്ക് ബെർത്തിംഗ് സൌകര്യം ഒരുക്കുന്നതിനായി പുതിയ ജങ്കാർ കപ്പൽ തുറയിൽ നിന്നും മാറ്റാൻ ആവശ്യപ്പെട്ട് രണ്ട് മാസം മുൻപ് സിഎസ്എൽ കോർപറേഷന് കത്ത് കൈമാറിയിരുന്നു.
'കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ (സിഒപിഎ) നിന്നും പുതിയ ജങ്കാറിന് ലൈസൻസ് ലഭിക്കേണ്ടതുണ്ട് . ഇത് ലഭിക്കുന്ന മുറയ്ക്ക് സർവ്വീസ് ആരംഭിക്കും. നിലവിലുള്ള രണ്ട് ജങ്കാറുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് (എസ് പി വി) കീഴിൽ സർവീസ് നടത്തുന്നതിനായി മൂന്ന് ജങ്കാറുകളും പുതിയ ഏജൻസിക്ക് കൈമാറും', കോർപറേഷൻ മേയർ വികെ മിനി മോൾ അറിയിച്ചു.
പത്തോളം സർട്ടിഫിക്കറ്റുകളും ലൈസൻസുകളും പുതിയ ജങ്കാറുകൾക്ക് ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി പുതിയ ജങ്കാർ നിർമ്മിക്കാനായി സി എസ് എല്ലുമായി കരാർ രൂപീകരിച്ചപ്പോൾ ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോർപറേഷൻ പറഞ്ഞു. എന്നാൽ ഈ ആരോപണം എൽഡിഎഫ് നേതൃത്വം തള്ളി. യുഎഡിഎഫ് സർക്കാരിൻ്റെ മനോഭാവമാണ് പ്രശ്നമെന്നും മികച്ച അടിസ്ഥാന പൊതു ഗതാഗത സംവിധാനം ഒരുക്കുന്നതിൽ അവർ കാണിക്കുന്ന അലംഭാവവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും നേതൃത്വം പറഞ്ഞു.
'രണ്ട് മാസമായി പുതിയ ജങ്കാർ ഉദ്ഘാടനം കഴിഞ്ഞിട്ട്. യഥാർത്ഥത്തിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും റോ-റോ സർവീസിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ കോർപറേഷൻ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പുതിയ സർവ്വീസ് എത്രയും പെട്ടെന്ന് തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് മുൻഗണന നൽകുന്നതിന് പകരം കെഎസ്ഐഎൻസിയെ മാറ്റാനായിരുന്നു കോർപറേഷൻ ശ്രമിച്ചത്. ഇതോടെ എസ് പി വി രൂപീകരിക്കുന്നതിനുള്ള സമയവും നഷ്ടപ്പെട്ടു',എൽഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് വിഎ ശ്രീജിത്ത് പറഞ്ഞു.
അതേസമയം കൊച്ചിൻ ഹാർബർ ക്രാഫ്റ്റ് ചട്ടങ്ങൾ പ്രകാരമുള്ള ലൈസൻസ് ലഭിയ്ക്കുന്ന അന്നേ ദിവസം തന്നെ പരീക്ഷണ ഓട്ടവും നടത്താൻ സജ്ജമാണെന്ന് കെഎസ്ഐഎൻസി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ദി ഹിന്ദു റിപ്പോർട്ടിൽ പറഞ്ഞു. ലൈസൻസിനായി ആവശ്യമായ രേഖകൾ ഇതിനോടകം തന്നെ സമർപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ കൊച്ചിൻ പോർട്ട് അതോറിറ്റി വെസലിൻ്റെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.


Click it and Unblock the Notifications
