ഹൈടെക് പാർക്കിനെ സീപോർട്ട് - എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കാൻ നാലുവരിപ്പാത;വേറേയും പദ്ധതികൾ
കളമശ്ശേരിയിൽ ടെക്നോളജി ഇന്നവേഷൻ സോൺ വിപുലീകരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം മണ്ഡലത്തിൻ്റെ വികസന കുതിപ്പിനെ വീണ്ടും ഉത്തേജിപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. സ്റ്റാർട്ടപ്പുകൾക്കായി ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകരങ്ങൾ ഒരുക്കുന്നതിന് വേണ്ടിയുള്ള ഈ ഇന്നവേഷൻ സോണിനായി 20 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു. കളമശ്ശേരി മണ്ഡലത്തിൽ 226.37 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചി കാൻസർ സെൻ്ററിന് 30 കോടി രൂപ അനുവദിച്ചു. ഹൈടെക് പാർക്കിനെ സീപോർട്ട് - എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കുന്നതിന് നാലുവരിപ്പാത നിർമ്മിക്കും. ഹൈടെക് പാർക്കിൻ്റെ അതിർത്തി മുതൽ സബ്സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. 3.11 കോടി രൂപ ഇതിനായി അനുവദിച്ചു. മണ്ഡലത്തിലെ കിൻഫ്ര ഹൈടെക് പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുന്നുകരയിൽ സ്ഥാപിക്കുന്ന മിനി ഫുഡ് പാർക്കിനായി 8 കോടി രൂപയും അനുവദിച്ചു. കളമശ്ശേരിയിലുൾപ്പെടെയുള്ള ലോഡ് ഡെസ്പാച്ച് സ്റ്റേഷൻ ആധുനികീകരിക്കുന്നതിന് 12 കോടിയാണ് അനുവദിച്ചിരിക്കുന്നത്.

സീ പോർട്ട്- എയർപോർട്ട് റോഡ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന വിവിധ ഭാഗങ്ങൾ പൂർത്തീകരിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഇന്ത്യാ ഇന്നവേഷൻ സെൻ്റർ ഫോർ ഗ്രാഫീൻ സ്ഥാപിക്കുന്നതിന് 6.5 കോടി രൂപ കൂടി അധികമായി അനുവദിച്ചു. ഗ്രഫീൻ മേഖലയിൽ ഗവേഷണം, ഇന്നവേഷൻ എന്നിവക്കായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേന്ദ്രം സ്ഥാപിക്കുന്നതിന് 86.41 കോടി നേരത്തെ അനുവദിച്ചിരുന്നു. കൊച്ചി സർവ്വകലാശാലക്ക് 33.25 കോടി രൂപയും അനുവദിച്ചു. കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനായി 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വൻ പദ്ധതികൾക്ക് പുറമേ മണ്ഡലത്തിലെ പ്രാദേശിക വികസന പദ്ധതികൾക്കും ബജറ്റിൽ തുക അനുവദിച്ചത് ജനങ്ങൾക്കാകെ അനുഭവിക്കാൻ സാധിക്കുന്ന മാറ്റങ്ങൾ സൃഷ്ടിക്കും. കൊങ്ങോർപ്പിള്ളി ജംഗ്ഷൻ, കുന്നുകര ജംഗ്ഷൻ, യു സി കോളേജ് ജംഗ്ഷൻ, ഈസ്റ്റ് കടുങ്ങല്ലൂർ ജംഗ്ഷൻ, നീറിക്കോട് ജംഗ്ഷൻ, പാതാളം ജംഗ്ഷൻ എന്നിവയുടെ വികസനത്തിനായി 3 കോടി രൂപ അനുവദിച്ചു. കളമശ്ശേരി മണ്ഡലത്തിൽ പുതിയ റവന്യൂ ടവർ സ്ഥാപിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചു. കുസാറ്റിലെ വിവിധ റോഡുകൾ ടാർ ചെയ്യുന്നതിന് 2 കോടി രൂപ അനുവദിച്ചു. ഈരേഴിച്ചാൽ പുഞ്ചയിൽ ചീപ്പ് നിർമ്മാണവും സൈഡ് കെട്ടലും എന്ന പദ്ധതിക്കായി 1.5 കോടി രൂപ അനുവദിച്ചു. കളമശ്ശേരിയിലെ പുഴകളുടെയും റോഡുകളുടെയും സംരക്ഷണഭിത്തി നിർമ്മാണവും ആഴം കൂട്ടലും നടത്തുന്നതിന് 2 കോടി രൂപ അനുവദിച്ചു.
പെരിയാറിൽ ആറ്റിപ്പുഴ കാവിനു സമീപം, കൈപ്പട്ടി തോടിൽ, പാതാളം പാലത്തിന് സമീപം ഏലൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 10 ൽ എന്നീ കേന്ദ്രങ്ങളിലാണ് സംരക്ഷണഭിത്തി നിർമ്മാണം നടത്തുക. വെസ്റ്റ് കടുങ്ങല്ലൂർ ബ്രാഞ്ച് കനാലിന്റെ അലൈൻമെന്റ് മാറ്റി നിർമ്മിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചു. കളമശ്ശേരി എച്ച് എം ടി റെയിൽവേ മേൽപ്പാലത്തിന്റെ ഇരുവശവും വീതി കൂട്ടുന്നതിന് 2 കോടി രൂപ അനുവദിച്ചു. കളമശ്ശേരി പോളിടെക്നിക് ഓഡിറ്റോറിയത്തിന് 1 കോടി രൂപ അനുവദിച്ചു. എഫ്.എ.സി.ടി- കളമശ്ശേരി റോഡ് ബി എം ബി സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 1.5 കോടി രൂപ അനുവദിച്ചു.
ഇടപ്പള്ളി - മേത്താനം റോഡ് ബി എം ബി സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു. കുന്നുകര പഞ്ചായത്തിലെ വാർഡ് 13 ലെ ചാലക്കപ്പറമ്പ് കുളത്തിലേക്കുള്ള ചെളികോരലും സംരക്ഷണ പ്രവർത്തനങ്ങളും നടത്തുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചു. കുന്നുകര പഞ്ചായത്തിലെ ചെറിയ തേക്കാനം സ്ലൂയിസിന് താഴെയുള്ള മാഞ്ഞാലി തോടിന്റെ വലതുകര സൈഡ് പ്രൊട്ടക്ഷൻ വർക്കിനായി 50 ലക്ഷം രൂപയും അനുവദിച്ചു. പെരിയാർ നദിക്ക് കുറുകെയുള്ള ഏലൂക്കര ഉളിയന്നൂർ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ നിർമാണത്തിനും തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications