ഫോർട്ട് കൊച്ചിയിൽ നിന്നും മഹാരാജാസ് കോളേജിലേക്ക് റോപ് വേ, റോഡിലെ തിരക്ക് കുറയും';കത്തയച്ച് ഇ ശ്രീധരൻ
ഫോർട്ട് കൊച്ചിയിൽ നിന്നും മഹാരാജാസ് കോളേജിലേക്ക് റോപ് നിർമ്മിക്കണമെന്ന ആവശ്യവുമായി മുൻ ഡൽഹി മെട്രോ മാനേജിംഗ് ഡയറക്ടർ ഇ ശ്രീധരൻ. ഇത് സംബന്ധിച്ച് കെഎംആർഎല്ലിന് അദ്ദേഹം കത്തയച്ചു. ഫോർട്ട് കൊച്ചിയിൽ നിന്നും മട്ടാഞ്ചേരിയgx വില്ലിങ്ടണ്‍ ഐലൻ്റും വഴി മഹാരാജാസിലേക്ക് എത്തുന്ന തരത്തിൽ റോപ് ഒരുക്കണമെന്നാണ് ആവശ്യം. കൊച്ചിയിലെ റോഡിലെ തിരക്കിന് ഇത് വലിയ ആശ്വാസം നൽകുമെന്ന് അദ്ദേഹം പറയുന്നു.
അർബൻ റോപ് വേകൾക്ക് വലിയ സ്വീകാര്യതയാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ളത്. റോപ് വേ ഒരുക്കിയാൽ മണിക്കൂറിൽ 5000-6000 പേർക്ക് സഞ്ചരിക്കാം. കൊച്ചി പോലെ വീതിയില്ലാത്ത റോഡുകൾ ഉള്ള ഒരു നഗരത്തിൽ ഇനി മെട്രോ സംവിധാനം വികസിപ്പിക്കുക ഉചിതമല്ലെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

ബൊളീവിയ , മെക്സിക്കോ പോലുള്ള രാജ്യങ്ങിൽ മാത്രമല്ല ഇന്ത്യയിൽ വാരണാസിയിലും റോപ് വേ വിജയകരമാണ്. മെട്രോ നിർമ്മാണത്തിനാവശ്യമായ ചെലവിൻ്റെ മൂന്നിലൊന്ന് മാത്രം മതി റോപ് വേയ്ക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെടുമ്പാശ്ശേരി വഴി നിർദ്ദിഷ്ട അലുവ-അങ്കമാലി മെട്രോ പാത നീട്ടുന്നതിനെ നേരത്തേ ഇ ശ്രീധരൻ എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
വിമാനത്താവളത്തിലേക്ക് മറ്റ് ഗതാഗത സൌകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ പരിഗണിക്കുന്നുണ്ടെന്നിരിക്കെ എയർപോർട്ടിലേക്ക് മെട്രോ നീട്ടുന്നത് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമാകുമെന്നാണ് ശ്രീധരൻ ചൂണ്ടിക്കാട്ടിയത്. പാത നീട്ടുന്നതിന് പകരം ദേശീയ പാതയിലെ ബൈപ്പാസ് വഴി അരൂർ മുതൽ വരാപ്പുഴയിലേക്ക് ഇടപ്പള്ളി വഴി എലവേറ്റഡ് മെട്രോ ലൈൻ പരിഗണിക്കണമെന്നാണ് അദ്ദേഹം ഉയർത്തിയ ആവശ്യം.
നെടുമ്പാശേരിക്ക് സമീപം പുതിയ റെയിൽവെ സ്റ്റേഷൻ നിർമ്മിക്കാനൊരുങ്ങുകയാണ് ദക്ഷിണ റെയിൽവെ. മാത്രമല്ല തൃപ്പൂണിത്തുറയിൽ നിന്നും പാലാരിവട്ടത്ത് നിന്നും എയർപോർട്ടിലേക്ക് അതിവേഗ റെയിൽലൈനും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് രണ്ടും യാഥാർത്ഥ്യായാൽ മെട്രോ പാത നീട്ടേണ്ട ആവശ്യം വരില്ല', അദ്ദേഹം വിശദീകരിച്ചു.
എയർപോർട്ടിലേക്ക് മെട്രോ പാത നീട്ടിയാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ദേശീയ പാത ബൈപ്പാസിനോട് ചേർന്ന് അരൂരിൽ നിന്നും ഇടപ്പള്ളി വഴി വരാപ്പുഴയിലേക്ക് ഒരു എലവേറ്റഡ് മെട്രോ ഇടനാഴി നിർമ്മിക്കുന്നതായിരിക്കും ലാഭകരമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.


Click it and Unblock the Notifications
