കൊച്ചിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ സൂപ്പർ പ്ലാൻ;വൈറ്റിലയിലും ഇടപ്പള്ളിയിലും അടക്കം 15 ഇടത്ത് ഇനി കുരുങ്ങില്ല
കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സമഗ്ര പദ്ധതിയുമായി ട്രാഫിക് പോലീസ്. ഇതിൻ്റെ ഭാഗമായി കുരുക്ക് രൂക്ഷമായ 15 ജങ്ഷനുകളിൽ ട്രാഫിക് പോലീസ് നിരീക്ഷണം ശക്തമാക്കും. അസിസ്റ്റൻ്റ് കമ്മീഷ്ണർ റാങ്കിലുള്ളവർക്കാണ് മേൽനോട്ട ചുമതല. കുരുക്കഴിച്ച് ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.
15 ജങ്ഷനുകളിലും ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷം ചെറിയ ഇടപെടലുകളിലൂടെ ഗതാഗതം സുഗമമാക്കും. സീബ്രാ ലൈനുകൾ അടയാളപ്പെടുത്തുക, ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുക, വാഹനമോടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന സൈൻബോർഡുകളോ മറ്റ് തടസങ്ങളോ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക തുടങ്ങിയ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കും.

കലൂർ, വൈറ്റില, ഇടപ്പള്ളി , ജെഒഎസ് ജങ്ഷൻസ തൃപ്പൂണിത്തുറ എന്നിവയാണ് തിരഞ്ഞെടുത്ത പ്രധാന ജങ്ഷനുകളെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ ആർ നിശാന്തിനി പത്രസമ്മേളനത്തിൽ അറിയിച്ചു. പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ ഗതാഗത പരിഷ്കരണ നിർദേശങ്ങൾ സർക്കാർ തയ്യാറാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും നടപടിയെന്നും കമ്മീഷ്ണർ വ്യക്തമാക്കി.
'സിറ്റിയിലെ രാത്രി ലൈഫിന് തങ്ങൾ എതിരല്ലെന്നും എന്നാൽ ക്രിമിനൽ പ്രവൃത്തികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കൻ കൂടുതൽ പോലീസുകാരെ നഗരത്തിൽ വിന്യസിക്കും. മയക്കുമരുന്ന് വിൽപ്പനയും നിയമവിരുദ്ധ റെയ്സിംഗും തടസുന്നതിനായി രാത്രികാല പരിശോധനകളും വാഹന പരിശോധനകളും നടത്തും' ,കമ്മീഷ്ണർ പറഞ്ഞു.
സ്വകാര്യ ബസ് ജീവനക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണ നടപടികൾ പുരോഗമിക്കുകയാണെന്നും കമ്മീഷ്ണർ പറഞ്ഞു. 1800 ജീവനക്കാരാണ് ഇതുവരെ വിവരങ്ങൾ സമർപ്പിച്ചത്. 760 പേരുടെ വിവരങ്ങൾ സ്ഥിരീകരിച്ച് കഴിഞ്ഞു. ഫോർമാറ്റും അന്തിമമാക്കി. വിതരണം വൈകാതെ തന്നെ ആരംഭിക്കുമെന്നും കമ്മീഷ്ണർ വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ ആറ് മാസമായിരിക്കും കാലാവധി. പുതുക്കുന്നതിനെ കുറിച്ചുള്ള നടപടികളെ കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അടുത്തയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്ന സമയക്രമവും കാലാവധി സംബന്ധിച്ച വ്യവസ്ഥകളും യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം. നടപടികൾക്കായി സമയപരിധി നിശ്ചയിച്ചിട്ടില്ല. എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കുക മാത്രമാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് അനുസരിച്ച് അത് നേരിടാനുള്ള അംഗബലം സേനയിൽ ഇല്ലെന്ന് കമ്മീഷ്ണർ പറഞ്ഞു. അതേസമയം എന്നിരുന്നാലും കൊച്ചിയിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വഞ്ചന, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയാണ് കൊച്ചിയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളെന്നും അവർ പറഞ്ഞു.




Click it and Unblock the Notifications
