വൈപ്പിനിൽ കായലോര റോഡ് വരുമോ?; കാത്തിരിപ്പ് വെറുതെയാകില്ല.. കൊച്ചിയിലേക്കും ഈസിയായി പോകാം
കൊച്ചി വാട്ടർ മെട്രോ പദ്ധതി നോർത്ത് പറവൂരിലേക്ക് നീട്ടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ വൈപ്പിനും പ്രതീക്ഷയിൽ. ഇവിടെ കിഴക്കൻ തീരത്തുകൂടി കായലോര റോഡ് നിർമ്മിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിന് ജീവൻ വെയ്ക്കുമെന്നാണ് പ്രാദേശികരുടെ വിലയിരുത്തൽ. റോഡ് വരുന്നത് ഒരു ബദൽ യാത്രാ മാർഗം എന്നതിലുപരി മേഖലയ്ക്ക് വലിയ തോതിൽ ഗുണകരമാകും.
ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് മാത്രമല്ല. പടിഞ്ഞാറൻ ദ്വീപുകാരെ വലയ്ക്കുന്ന വെള്ളക്കെട്ടിനും വലിയ പരിഹാരം തീർത്തേക്കും. വാട്ടർ മെട്രോയും റോഡും വികസിപ്പിക്കണമെങ്കിൽ വീരൻപുഴയുടെ ആഴം കൂട്ടേണ്ടതുണ്ട്.ഇത് ഇവിടുത്തെ കനാലുകളിൽ നിന്നുള്ള വെള്ളമൊഴുക്ക് വർധിപ്പിച്ചേക്കും. മാത്രമല്ല കായലിലെ മത്സ്യലഭ്യത വർധിപ്പിക്കാനും ചെമ്മീൻ കർഷകർക്കുമെല്ലാം ഗുണകരമാകും.

മുനമ്പം-അഴിക്കോട് പാലം തുറന്ന് കൊടുക്കുന്നതോടെ പുതിയ റോഡ് എന്ന ആവശ്യത്തിന് ശക്തി പകരും. ഏറ്റവും കുറഞ്ഞ ദൂരത്തിൽ തൃശൂരിനേയും എറണാകുളത്തേയും ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തുറക്കുന്നതോടെ സംസ്ഥാന ഹൈവേയിൽ വാഹനത്തിരക്ക് കൂടും. കണ്ടെയ്‌നർ റോഡിന്റെ മാതൃകയിൽ കിഴക്കൻ തീരത്ത് സമാന്തര പാത നിർമ്മിക്കുകയും മറുകരകളിലേക്ക് പാലവും വന്നാൽ ഒരുപരിധി വരെ ഈ തിരക്ക് കുറക്കാൻ സഹായിക്കും.
മാത്രമല്ല കൊച്ചി നഗരത്തിലേക്കും ബൈപ്പാസുകളിലേക്കും പോകുന്ന ദൂരയാത്രക്കാർക്കും കായലോര റോഡ് ഗുണകരമാകും. റോഡ് യാഥാർത്ഥ്യമായാൽ ഗോശ്രീ പാലത്തിലേക്ക് കയറാതെ തന്നെ വാഹനങ്ങൾക്ക് കണ്ടെയ്നർ റോഡ് വഴി പോകാനാകും.
കൊച്ചി അഴിമുഖം മുതൽ മുനമ്പം അഴിമുഖം വരെ നീളുന്ന ചരിത്ര പ്രധാനമായ ജലപാതയുടെ ഭാഗമാണ് വീരൻപുഴ. വർഷങ്ങളായി എക്കൽ അടിഞ്ഞുകൂടുന്നതിന് കാരണം ഇവിടെ മണ്‍തിട്ടകൾ വലിയ തോതിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് ജലഗതാഗതത്തിന് വലിയ തടസമാണ് തീർക്കുന്നത്. പുഴയിൽ ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടണമെന്ന ആവശ്യം പലകാലങ്ങളിലും ഉയർന്നിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
എന്തായാലും വാട്ടർ മെട്രോ പദ്ധതി പറവൂരിലേക്ക് നീട്ടുന്നതോടെ പുഴയുടെ ആഴും കൂട്ടേണ്ടത് അനിവാര്യമാകും. ഡ്രഡ്ജിംഗ് നടത്തുമ്പോൾ ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച് കായലോര റോഡ് നിർമ്മിക്കാനും സാധിക്കും.
കിഴക്കൻ ഭാഗത്തെക്കാൾ പടിഞ്ഞാറൻ തീരത്തുള്ളവർക്ക് നേട്ടം ഏറെയാണ്. കാരണം ഇവിടെ ജനസാന്ദ്രത കുറവാണ്. അതുകൊണ്ട് തന്നെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പ്രതിസന്ധി ഉണ്ടാകില്ല. അതുപോലെ തന്നെ ഡ്രെഡ്ജിംഗ് നടത്തുന്നതിലൂടെ ഇവിടെയുള്ള വെള്ളക്കെട്ട് പ്രശ്നങ്ങൾക്കും വലിയ പരിഹാരം ഉണ്ടാക്കാൻ സാധിക്കും.


Click it and Unblock the Notifications
