കൊടകര കുഴല്‍പ്പണ കേസ്:സുരേന്ദ്രനെതിരായ ആം ആദ്മി ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വേഗത്തിലാക്കണം എന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം ആരോപണ വിധേയരായ സംഭവത്തില്‍ ഇ ഡി നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ല എന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.
കേസില്‍ അന്വേഷണം തുടരുകയാണ് എന്ന് ഇ ഡി മറുപടി നല്‍കി. സ്വകാര്യ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ഇ ഡി പറഞ്ഞു. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇ ഡി വാദം അംഗീകരിച്ചാണ് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത്. സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കേസില്‍ ഇ ഡി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കേരള പൊലീസ് വ്യക്തമാക്കിയതാണ്.

കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് നല്‍കിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ പൊലീസ് നിലപാട് വ്യക്തമാക്കിയത്. ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിനായിരുന്നു ധനമന്ത്രാലയം ഇക്കാര്യം മറുപടിയായി പറഞ്ഞത്.
കള്ളപ്പണക്കേസില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ ഇ ഡി നടത്തുന്ന അന്വേഷണം തുടരുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍ നിന്ന് ബി ജെ പിക്ക് വേണ്ടി മൂന്നരക്കോടി രൂപ കേരളത്തില്‍ എത്തിച്ചു എന്നാണ് ആരോപണം.
ഇത് ദേശീയപാതയില്‍ കൊടകരയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടു എന്നും എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലെ പ്രധാന ആക്ഷേപം. കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ബി ജെ പി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. 2021 ഏപ്രില്‍ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
പിന്നീട് നടന്ന അന്വേഷണത്തില്‍ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.യും ചെയ്തു. അതിനിടെ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമര്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ 15848801 രൂപ വീണ്ടെടുത്തു. 5664710 രൂപ മറ്റുള്ളവര്‍ക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications