പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ കോൺഗ്രസ്, വിമർശിച്ച് കോടിയേരി
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാറിനെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് സ്ഥാനാർത്ഥിക്ക് യുഡിഎഫ് വോട്ടുകൾ പോലും മുഴുവനായി നേടാൻ സാധിക്കാതിരുന്നത് ഐക്യജനാധിപത്യ മുന്നണിയുടെ തകർച്ചയുടെ തെളിവാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' രാജ്യസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്‌ഥാനാർത്ഥി എം വി ശ്രേയാംസ് കുമാർ 88 വോട്ടുകളോടെ വൻ വിജയം നേടി. യു ഡി എഫ് സ്ഥാനാർത്ഥിക്ക് യു ഡി എഫിൻ്റെ വോട്ട് പോലും നേടാനായില്ല. അവരുടെ രണ്ട് എം എൽ എ മാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഇത് ഐക്യജനാധിപത്യ മുന്നണിയുടെ തകർച്ചയ്ക്ക് വേഗത കൂടുന്നു എന്നതിൻ്റെ തെളിവാണ്. നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്ന യു ഡി എഫിന് തങ്ങളുടെ എം എൽ എ മാരുടെ വിശ്വാസം പോലും ആർജ്ജിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇന്നത്തെ നിയമസഭാ നടപടികളിൽ നിന്നും മനസ്സിലാവുന്നത്.

അഖിലേന്ത്യാ തലത്തിലും കോൺഗ്രസിനുള്ളിൽ പരസ്പരമുള്ള അവിശ്വാസമാണ് അലയടിക്കുന്നത്. നേതൃത്വ പ്രതിസന്ധിയിൽ ഉഴറുകയാണ് കോൺഗ്രസ്. അതിനാലാണ് കോൺഗ്രസ് നേതൃയോഗത്തിൽ മുതിർന്ന നേതാക്കൻമാർ തമ്മിൽ വാക്‌പോരും വെല്ലുവിളിയും ഉയർന്നത്. ജനാധിപത്യവും കേന്ദ്രീകൃത നേതൃത്വവും ഇല്ലാത്ത കോൺഗ്രസിന് എ ഐ സി സി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം വി ശ്രേയാംസ് കുമാറിന് അഭിവാദ്യങ്ങൾ..''
എംപി വീരേന്ദ്ര കുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 41 വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചപ്പോള്‍ 88 വോട്ടുകള്‍ വീരേന്ദ്ര കുമാറിന് ലഭിച്ചു. ഒരു വോട്ട് അസാധുവായി.


Click it and Unblock the Notifications