കോൺഗ്രസിന്റെ പരാജയമാണ് ആർഎസ്എസിനെ വളർത്തിയത്! അങ്ങനെ നിന്നുകൊടുക്കുന്ന പാർട്ടിയല്ല സിപിഎം..
സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് ആർഎസ്എസിനും ബിജെപിക്കും വളരാൻ കഴിയുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കോഴിക്കോട്: ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ നിന്നു കൊടുക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്റെ പരാജയമാണ് മറ്റു സംസ്ഥാനങ്ങളിൽ ആർഎസ്എസിനെ വളർത്തിയത്. സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് ആർഎസ്എസിനും ബിജെപിക്കും വളരാൻ കഴിയുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
വർഗീയതയ്ക്കെതിരെ ഏതു കക്ഷിയുമായും സിപിഎം യോജിക്കും. എന്നാൽ, നയപരമായ ഐക്യമില്ലാത്തവരുമായി രാഷ്ട്രീയ കൂട്ടുക്കെട്ട് ഉണ്ടാക്കിയാൽ ബിഹാറിൽ സംഭവിച്ചതാകും അന്തിമഫലമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് കൊഴുപ്പ് കൂട്ടാനാണ് ദില്ലിയിൽ എകെജി ഭവനു മുന്നിൽ അവർ സമരം നടത്തുന്നത്. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്നതാണ് സമരത്തിന്റെ ലക്ഷ്യം.
കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്ന ബിജെപിയുടെ സമരം തികഞ്ഞ ഫാഷിസമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബിജെപിയുടെ ഫാഷിസത്തിനെതിരെ പ്രതിരോധിക്കാൻ ഒക്ടോബർ ഒൻപത് തിങ്കളാഴ്ച മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.അതേസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര നാലാം ദിനം പാനൂർ,കൂത്തുപ്പറമ്പ് മേഖലകളിൽ പര്യടനം നടത്തി. കേന്ദ്രമന്ത്രി അർജ്ജുൻ സിംഗ് മേഘ്വാളാണ് നാലാം ദിനത്തിലെ മുഖ്യാതിഥി.












Click it and Unblock the Notifications