കേരളത്തോട് മുഖം തിരിച്ച ബജറ്റെന്ന് കോടിയേരി, രാജ്യത്തെ യുവത്വത്തെ വഞ്ചിച്ച ബജറ്റെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളോട് ഒന്നും തന്നെ അനുകൂലമായി കേന്ദ്ര ബജറ്റ് പ്രതികരിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐയും കേന്ദ്ര ബജറ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ യുവത്വത്തെ വഞ്ചിച്ച ബജറ്റാണിതെന്നും സംരക്ഷിക്കപ്പെട്ടത് കോർപ്പറേറ്റ് താൽപര്യങ്ങളാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം: '' കേന്ദ്ര ബജറ്റ് കേരളത്തിൻറെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ്. കോവിഡ് കാലഘട്ടത്തില്‍ കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ എയിംസ് പരിഗണിക്കപ്പെട്ടില്ല. റെയില്‍വേ സോണ്‍ എന്ന ചിരകാല ആവശ്യത്തോടും കേന്ദ്ര സര്‍ക്കാര്‍ പുറംതിരിഞ്ഞ് നിന്നു. കെ-റെയില്‍ പദ്ധതി സംബന്ധിച്ച പരാമര്‍ശങ്ങളും ഇല്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങളോട് ഒന്നും തന്നെ അനുകൂലമായി പ്രതികരിക്കുന്നതിന് കേന്ദ്ര ബജറ്റ് തയ്യാറായിട്ടില്ല.
തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം 25,000 കോടി വെട്ടിക്കുറച്ച നടപടി സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഈ വര്‍ഷം ചിലവഴിച്ച തുക പോലും ഇപ്പോഴത്തെ ബജറ്റില്‍ നീക്കിവെച്ചിട്ടില്ല. ജി.എസ്.ടി സമ്പ്രദായത്തിന്റെ ഭാഗമായുള്ള സംസ്ഥാനത്തിന്റെ നഷ്‌ടപരിഹാര വിഹിതം നീട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കോവിഡ് കാലഘട്ടത്തില്‍ 39,000 കോടി രൂപ വാക്‌സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോള്‍ 5000 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയാകുന്ന ഒരു നടപടിയാണിത്.

സഹകരണ മേഖലയിലെ നികുതി 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തേ നികുതിയില്ലാത്ത മേഖലയില്‍ നികുതി ചുമത്തിയത് കേന്ദ്ര സര്‍ക്കാരായിരുന്നു. കോര്‍പ്പറേറ്റുകളെയും സഹകരണ മേഖലയെയും ഒരുപോലെ ക്രമീകരണം നടത്തുക മാത്രമാണ് ഇവിടെ ചെയ്‌തിട്ടുള്ളത്. ഇത് ആശാസ്യമായ നടപടിയേ അല്ല. സംസ്ഥാനത്തിന്റെ വായ്‌പാ പരിധി 5 ശതമാനമാക്കി നിലനിര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ജി.എസ്.ടി നഷ്‌ടപരിഹാരം 5 വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക് 01.10.2022 പ്രാബല്യത്തില്‍ ലിറ്ററിന് 2 രൂപ കൂട്ടിയിട്ടുണ്ട്. ഈ നികുതി വര്‍ദ്ധന സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നുമില്ല. ഭക്ഷ്യ സബ്‌സിഡിയില്‍ 28 ശതമാനം കുറവു വരുത്തിയ നടപടി സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. വളം സബ്‌സിഡിയില്‍ വരുത്തിയ 25 ശതമാനം കുറവും നമ്മുടെ കാര്‍ഷിക മേഖലയെ ബാധിക്കുന്നതാണ്. എല്‍.ഐ.സി ഓഹരി വില്‍പ്പന ഉള്‍പ്പെടെയുള്ള സ്വകാര്യവത്‌ക്കരണ നടപടികളും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കിഫ്‌ബി, കെ-ഫോണ്‍ പോലുള്ള പദ്ധതികളുടെ അനുകരണങ്ങള്‍ കേന്ദ്ര ബജറ്റില്‍ കടന്നുകൂടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ എത്ര രാഷ്‌ട്രീയ ദുഷ്‌ടലാക്കോടെയാണ് നേരത്തേ കേന്ദ്രം നേരിട്ടത് എന്നതിന്റെ ഉത്തമദൃഷ്‌ടാന്തം കൂടിയാണിത്. സംസ്ഥാനത്തിന്റെ പൊതുവായ താത്‌പര്യങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് കേന്ദ്ര ബജറ്റെന്ന് വ്യക്തമായിരിക്കുകയാണ്''.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന: '' രാജ്യത്തെ പൂർണമായും സ്വകാര്യതാൽപര്യങ്ങൾക്ക് വിട്ടുനൽകുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമാണ് കേന്ദ്രബജറ്റെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ യുവതയുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നങ്ങൾ ഇല്ലാതാക്കുന്നതാണ് കേന്ദ്ര സർക്കാർ. കോവിഡ് കാലത്ത് കോടിക്കണക്കിന് ജനങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി. രാജ്യം ലോക പട്ടിണി സൂചികയിൽ അവസാന സ്ഥാനങ്ങളിലേക്ക് പിൻതള്ളപ്പെട്ടു.
അതേ സമയം തങ്ങളുടെ വരുമാനം നൂറും ആയിരവും മടങ്ങു വർദ്ധിപ്പിച്ച, രാജ്യത്തിന്റെ 75% സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന വെറും 10% അതി സമ്പന്നരുടെ താൽപര്യങ്ങളെ തലോടുക്കുകയാണ് കേന്ദ്ര ബജറ്റ് വീണ്ടും ചെയ്തത്. മഹമാരിക്കാലത്ത് അതി സമ്പന്നരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കാതെ ദാരിദ്രരായ അടിസ്ഥാന ജനതയുടെ ചുമലിലേക്ക് വീണ്ടും നികുതി ഭാരം നൽകുകയാണ് കേന്ദ്രം ചെയ്തത്. രാജ്യത്തെ 60% പേരുടെ കയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. നിലവിലുള്ള പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ പേര് നൽകലല്ലാതെ സാധരണക്കാർക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതികളൊന്നുമില്ല.
ലോകം മുഴുവൻ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ദോഷ ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയും മാറിച്ചിന്തിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ ബിജെപി ഗവണ്മെന്റ് തീവ്രസ്വകാര്യവൽക്കരണ നയങ്ങളുമായി മുതലാളിത്ത സൗഹൃദ നിലപാടിലേക്ക് കൂടുതൽ പോവുകയാണ്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. കോർപ്പറേറ്റ് ഫണ്ടിങ്ങിന്റെ ഭൂരിഭാഗവും ലഭിക്കുന്ന ബിജെപിയുടെ പ്രത്യുപകാരം മാത്രമാണ് കേന്ദ്രബജറ്റിലൂടെ ദൃശ്യമാകുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications