മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചില്ലേ, അത് തന്നെ തെളിവ്! അലനേയും താഹയേയും പുറത്താക്കിയെന്ന് കോടിയേരി
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും സിപിഎം പുറത്താക്കിയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ ആണെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുവരും സിപിഎമ്മിലും മാവോയിസ്റ്റ് സംഘടനയിലും ഒരുപോലെ പ്രവര്‍ത്തിക്കുകയായിരുന്നു.
അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനുളളില്‍ ആര്‍ക്കും അധികാരമില്ല.
സിപിഎം ഏരിയ കമ്മിറ്റി അലനേയും താഹയേയും പുറത്താക്കിയിട്ടുണ്ട്. ഏരിയ കമ്മിറ്റിയുടെ തീരുമാനം സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗീകരിച്ചുവെന്നും ഒരു മാസം മുന്‍പാണിതെന്നും കോടിയേരി പറഞ്ഞു.

അലനും താഹയും മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചവരാണ് എന്നും അവര്‍ മാവോയിസ്റ്റുകളാണ് എന്നതിന് അത് തന്നെയാണ് വ്യക്തമായ തെളിവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് താഹയുടെ കുടുംബം വ്യക്തമാക്കി.
അലനും താഹയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുളളില്‍ വിഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്നും സിപിഎം പ്രവര്‍ത്തകര്‍ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നില്‍ക്കൂടുതല്‍ തവണ ആര്‍ത്തിക്കുകയുണ്ടായി. പന്തീരാങ്കാവ് കേസ് നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിക്കുന്നത്. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.












Click it and Unblock the Notifications