'സര്‍ക്കാരിന്റെ ഒടുവിലത്തെ 822 തീരുമാനങ്ങളില്‍ ഭൂരിഭാഗവും ഭൂമി മണല്‍ മാഫിയക്ക് വേണ്ടി'
തിരുവനന്തപുരം: കാലാവധി കഴിയുന്നതിന് തൊട്ടുമുന്‍പ് സര്‍ക്കാര്‍ അഴിമതിക്കു കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള രണ്ട് ആഴ്ചകളില്‍ മന്ത്രിസഭാ കൈക്കൊണ്ട 822 തീരുമാനങ്ങളില്‍ സിംഹഭാഗവും ഭൂമിമണല്‍ മാഫിയക്ക് വേണ്ടിയുള്ളതായിരുന്നെന്ന് കോടിയേര് ആരോപിച്ചു.
അഞ്ച് വര്‍ഷക്കാലമായി മന്ത്രിസഭയുടെ മുന്നില്‍ വന്ന പ്രശ്‌നങ്ങളില്‍ സ്ഥാനമൊഴിയാന്‍ പോകും മുന്‍പ് അടിയന്തര തീരുമാനം കൈക്കൊണ്ടത് മാഫിയകളുമായുള്ള കരാര്‍ തീരുമാനം നടപ്പാക്കാന്‍ വേണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന് ഒരുമാസം കൂടി തീരുമാനമെടുക്കാന്‍ സാധിചിരുന്നുവെങ്കില്‍ ഇപ്പോള്‍ അവശേഷിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി മുഴുവനും സ്വകാര്യ മേഖലയ്ക്ക് കൈമാറുമായിരുന്നെന്ന് കോടിയേരി പറഞ്ഞു.

കേരളത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയ കാര്യത്തില്‍ മികവുറ്റ പ്രകടനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാഴ്ചവെച്ചത്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള രണ്ട് ആഴ്ചകളില്‍ മന്ത്രിസഭാ കൈക്കൊണ്ട 822 തീരുമാനങ്ങളില്‍ സിംഹഭാഗവും ഭൂമിമണല്‍ മാഫിയക്ക് വേണ്ടിയുള്ളതായിരുന്നു.
മെത്രാന്‍ കായല്‍ പാടശേഖരവും കടമക്കുടിയിലെ പാടവും വൈക്കത്ത് ചെമ്പ് പഞ്ചായത്തിലെ അറാതുകരി പാടവും നികത്താനും കൊന്നിയിലുള്ള സര്‍ക്കാര്‍ ഭൂമി കൈമാറാനും എടുത്ത തീരുമാനങ്ങള്‍ക്ക് പിറകില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.
ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങളാണ് യു ഡി എഫ് ഭരണകാലത്ത് നികത്തി കരഭൂമിയാക്കി മാറ്റിയത്. പരിസ്ഥിതിക്ക് ആപത്തുണ്ടാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പണത്തോട് മാത്രമാണ് പ്രതിബദ്ധത. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ തീരുമാനങ്ങളെല്ലാം പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications