പണിമുടക്ക് പ്രതിപക്ഷ നേതാവിന്റെ സംഘടന കൂടി ഉൾപ്പെട്ട സമരം; വിഡി സതീശന് മറുപടിയുമായി കോടിയേരി
തിരുവനന്തപുരം; ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.രാജ്യവ്യാപക പണിമുടക്ക് പ്രതിപക്ഷ നേതാവിന്റെ സംഘടനകൂടി ഉൾപ്പെട്ട സമരമായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. ഐഎൻടിയുസിയുടെ പല യൂണിയനുകളുടെയും നേതാവാണ് വി ഡി സതീശൻ. കോൺഗ്രസുമായി അതിന് ബന്ധമില്ലെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും കോടിയേരി പറഞ്ഞു.

പത്ത് കേന്ദ്രസംഘടനകൾ ചേർന്ന് കൊണ്ടാണഅ കഴിഞ്ഞ രണ്ട് ദിവസം പണിമുടക്ക് നടത്തിയത്. ഐഎൻടിയുസി അതിലെ പ്രധാന സംഘടനയായിരുന്നു. പൊതുവേ സമാധാനപരമായിട്ടാണ് പണിമുടക്ക് നടന്നത്. ചിലയിടത്ത് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം സംഭവങ്ങൾ നടക്കരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു.
കെ-റെയിൽ വിഷയത്തിൽ പ്രതിപക്ഷം പുനർവിചിന്തനം നടത്തണമെന്നും സർവ്വേ നടപടി സുപ്രീം കോടതി അംഗീകരിച്ച സാഹഹചര്യത്തിൽ ഇനിയും സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിൻറെ നീക്കമെങ്കിൽ അത് സുപ്രീം കോടതിക്ക് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു സമരങ്ങളേയും ഐ എൻ ടി യു സിയേയും തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി. അത്തരം സമര രീതിയോട് ഒരു യോജിപ്പുമില്ല. ജനത്തെ ബന്ദിയാക്കി കൊണ്ടുള്ള സമരം അനുവദിക്കാനാകില്ലെന്നായിരുന്നു സതീശൻ പറഞ്ഞത്.
പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. ജനങ്ങളെ അക്രമിക്കുകയോ മാർഗതടസം ഉണ്ടാക്കുകയോ ചെയ്തതിൽ ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകന് പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും.
Recommended Video
റോഡിലിറങ്ങുന്നവന്റെ കരണത്തടിക്കാനും തലയിൽ തുപ്പാനും ആർക്കും സ്വാതന്ത്ര്യമില്ല. ഇതാണോ മുഖ്യമന്ത്രി പറയുന്ന നവകേരളം എന്ന് അദ്ദേഹം വ്യക്തമാക്കണം.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെടുള്ള സുപ്രിം കോടതിയുടേയും ഹൈക്കോടതിയുടേയും വിധികൾ സാങ്കേതികം മാത്രമാണ്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. യുഡിഎഫ് പിഴുതെറിഞ്ഞ കല്ലുകൾ മന്ത്രിമാർ ഉൾപ്പെടെ സ്ഥാപിക്കാൻ ശ്രമിച്ചാൽ അത് വീണ്ടും പിഴുതെറിയും. സർക്കാരിന് പ്രശ്നം പദ്ധതിയല്ല വായ്പയും അതിന് പിന്നിലുള്ള അഴിമതിയുമാണ്. സർവ്വ സന്നാഹങ്ങളുമായി സർക്കാർ വന്നാലും ജനങ്ങളെ ചേർത്ത് നിർത്തി പ്രതിരോധിക്കും. പദ്ധതിക്ക് വേണ്ടി ചെറുവിരലനക്കാൻ സർക്കാരിനെ അനുവദിക്കില്ല, എന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications