കെഎം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍
കോട്ടയം: ബാര്‍ കോഴ കേസില്‍ മന്ത്രി കെഎം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ബാര്‍ കോഴ കേസില്‍ എല്ലാം അറിയുന്ന കെഎം മാണി മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോയി അന്വേഷണത്തെ നേരിടണമെന്നു കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയെ സംരക്ഷിക്കുകയാണ്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം കേസില്‍ സുതാര്യത ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി. കേസന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ വിജിലന്‍സ് വേണ്ട വിധത്തിലുള്ള അന്വേഷണമൊന്നും നടത്തിയിട്ടില്ല.

ഇതിനിടയില്‍ ബാര്‍ കോഴ കേസില്‍ ബാര്‍ ഉടമകള്‍ നിലപാട് മാറ്റുന്നതായാണ് സൂചന. മാണിക്ക് പങ്കില്ലെന്നാണ് വിജിലന്‍സിനു മുന്‍പാകെ ബാര്‍ ഉടമകള്‍ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പണം പിരിച്ചത് നിയമനടപടികള്‍ക്കാണെന്നും സഹായം തേടിയാണ് കെഎം മാണിയെ സമീപിച്ചതെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, മാണിക്കെതിരെയുള്ള പരാതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്‌മോഹന്‍ ഉണ്ണി ഉറച്ചു നില്‍ക്കുന്നുണ്ട്.
സത്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മാണി മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോള്‍ സുതാര്യമായ അന്വേഷണം ഉണ്ടാകില്ലെന്നും കോടിയേരി പറയുന്നു.












Click it and Unblock the Notifications