'കുഞ്ഞിനെ ഡോര്‍ തുറന്ന് ഇറക്കിവിട്ടു, ഞാന്‍ ചെല്ലുമ്പോള്‍..'; ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍
കൊല്ലം: ഓയൂരില്‍ കാണാതായ ആറ് വയസുകാരി അബിഗേല്‍ സാറയെ രണ്ട് പേര്‍ കാറില്‍ നിന്നിറക്കി കടന്നുകളയുകയായിരുന്നു എന്ന് ദൃക്‌സാക്ഷി. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ്രാമം മൈതാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരാണ് ഇത് കണ്ടത് എന്നും ഇവര്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് താന്‍ സ്ഥലത്തേക്ക് എത്തിയപ്പോള്‍ കുഞ്ഞ് അവിടെ നില്‍ക്കുന്നത് കണ്ടു എന്നും മഹാത്മാ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ബിജു പറയുന്നു.
ബിജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: 'കൊല്ലം ആശ്രാമത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന മൈതാനത്താണ് സംഭവം. കുട്ടിയെ രണ്ട് പേര്‍ കൊണ്ട് വന്ന് വിട്ടിട്ട് ഓടിക്കളയുകയായിരുന്നു. ആ സമയം ഇവിടെ നിന്ന് ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട ആളുകള്‍ ഇത് കാണുകയും എന്നെ വിളിച്ച് പറയുകയുമായിരുന്നു. ഞാന്‍ ഓടി ഈ സൈറ്റിലേക്ക് എത്തുകയായിരുന്നു. ഈ സമയം തന്നെ ഞാന്‍ വീഡിയോ എടുത്ത് ആ കുട്ടി തന്നെയാണ് എന്ന് ഉറപ്പ് വരുത്തി.

ഉടന്‍ തന്നെ പൊലീസ് ഓഫീസേഴ്‌സ് വന്ന് ആ കുട്ടിയെ കൈയില്‍ കോരിയെടുക്കുകയായിരുന്നു. കുട്ടിക്ക് ഒട്ടും വയ്യായിരുന്നു. അവശനിലയിലായിരുന്നു. രാത്രിയൊന്നും ആഹാരം കഴിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. അവശനിലയിലായിരുന്നു. കുഞ്ഞ് പൊലീസുകാര്‍ ജീപ്പിലേക്ക് കയറ്റുമ്പോള്‍ പേടിച്ച് കരയുന്നുണ്ടായിരുന്നു. കുഞ്ഞിനെ നേരെ അവിടെ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു', ബിജു പറയുന്നു.
അതേസമയം കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രകി അധികൃതര്‍ അറിയിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.45 ന് വീടിന് അടുത്ത് വെച്ചാണ് കുട്ടിയെ കാറിലെത്തിയ നാല്‍വര്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാറില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേരായിരുന്നു ഉണ്ടായിരുന്നത് എന്ന് സഹോദരന്‍ പറഞ്ഞിരുന്നു.
ആ സമയം മുതല്‍ കേരളമാകെ അബിഗേലിനായുള്ള കാത്തിരിപ്പിലായിരുന്നു. കുട്ടിക്കായി പൊലീസ് ജില്ലയ്ക്ക് അകത്തും പുറത്തും ശക്തമായ പരിശോധന നടത്തി. നാട്ടുകാരും യുവജന സംഘടനകളും തിരച്ചിലിന് ഇറങ്ങി. ഇതോടെ കുട്ടിയുമായി തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കിയ സംഘം കുട്ടിയെ ഉപേക്ഷിച്ച ശേഷം കടന്ന് കളയുകയായിരുന്നുവെന്നാണ് നിഗമനം.
കുട്ടിയെ കണ്ടെത്തിയെങ്കിലും പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമായി തുടരുകയാണ്. സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ രണ്ട് തവണ പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അബിഗേലിന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു.












Click it and Unblock the Notifications