മറ്റ് പ്രതികള്‍ ആക്രമിച്ചേക്കും, പത്മകുമാര്‍ അതീവസുരക്ഷയുള്ള ജയിലില്‍.. ഒപ്പമുള്ളത് കൊലക്കേസ് പ്രതി
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം സ്വദേശി കെ ആര്‍ പത്മകുമാറിനെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലില്‍ ആണ് പത്മകുമാറിനെ പാര്‍പ്പിച്ചിരിക്കുന്ന. മറ്റ് പ്രതികള്‍ പത്മകുമാറിനെ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപാണ് പത്മകുമാറിനൊപ്പം ഈ സെല്ലിലുള്ളത്. പത്മകുമാറിന്റെ സുരക്ഷയെ കരുതിയാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയത് എന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. അതീവസുരക്ഷാ സെല്ലില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സെല്ലില്‍ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണവും ഉണ്ടായിരിക്കും.

അതീവ സുരക്ഷയുള്ള ആറ് സെല്ലുകളാണ് പൂജപ്പുര ജയിലില്‍ ഉള്ളത്. കൊല്ലം കലക്ട്രേറ്റില്‍ സ്‌ഫോടനം നടത്തിയവര്‍ ഉള്‍പ്പെടെ ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവരെ ആണ് അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം പത്മകുമാര്‍ ജയിലില്‍ ശാന്തമായാണ് പെരുമാറുന്നത് എന്ന് ജയില്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പത്മകുമാര്‍ ആരോടും അധികം സംസാരിക്കാറില്ല. കഴിഞ്ഞ ദിവസം അഭിഭാഷകന്‍ ജയിലില്‍ എത്തി പത്മകുമാറുമായി സംസാരിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികളായ പത്മകുമാറിന്റെ ഭാര്യ എം ആര്‍ അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവരെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ആണ് പാര്‍പ്പിച്ചിരിക്കുന്നത്. പത്മകുമാറാണ് കേസിലെ ഒന്നാം പ്രതി. അനിത കുമാരി രണ്ടാം പ്രതിയും അനുപമ മൂന്നാം പ്രതിയുമാണ്. മൂന്ന് പ്രതികളെയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ കുട്ടിക്കടത്ത് അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പിക്കല്‍ ക്രിമിനല്‍ ഗൂഢാലോചന, ജൂവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകള്‍ എന്നിവയും ചുമത്തിയിട്ടുണ്ട്. അതിനിടെ കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ഡി വൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. വന്ദനാദാസ് കൊലക്കേസും ഡി വൈ എസ് പി എം എം ജോസ് ആയിരുന്നു അന്വേഷിച്ചിരുന്നത്.












Click it and Unblock the Notifications