കൊല്ലം ഫലം 2024: ഹാട്രിക് അടിക്കാൻ എൻകെ പ്രേമചന്ദ്രൻ? ലീഡ് പതിനായിരം കടന്നു
കൊല്ലത്ത് യു ഡി എഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് കൂറ്റൻ ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ പ്രേമചന്ദ്രന്റെ ലീഡ് പതിനായിരം കടന്നു. ഇതോടെ വമ്പൻ ഭൂരിപക്ഷത്തിൽ പ്രേമചന്ദ്രൻ ഇക്കുറിയും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.
കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭ മണ്ഡലം. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ 17 ൽ 10 തവണയും ഇവിടെ എൽ ഡി എഫ് ആണ് വിജയിച്ചിട്ടുള്ളത്. മുന്നണി ധാരണപ്രകാരം ആർ എസ് പിയായിരുന്നു ഇവിടെ എൽ ഡി എഫിന് വേണ്ടി മത്സരിക്കാറുള്ളത്. 2014 ൽ സീറ്റ് തർക്കത്തെ തുടർന്ന് ആർ എസ് പി എൽ ഡി എഫ് ബന്ധം ഉപേക്ഷിച്ച് യു ഡി എഫിലെത്തി. അതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും എൻ കെ പ്രേമചന്ദ്രനായിരുന്നു യു ഡി എഫിന് വേണ്ടി മണ്ഡലത്തിൽ വിജയിച്ചത്.

2014 ൽ എം എ ബേബിയായിരുന്നു പ്രേമചന്ദ്രന് എതിരാളി. അന്ന് ശക്തമായ പോരാട്ടത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങിയത്. എന്നാൽ എൽ ഡി എഫിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ബേബി 37,649 വോട്ടിന് പരാജയപ്പെട്ടു. 42.2 ശതമാനം വോട്ടായിരുന്നു അദ്ദേഹത്തിന്നേടാനായത്. പ്രമേചന്ദ്രൻ 46.5 ശതമാനം വോട്ട് വിഹിതത്തോടെ 408528 വോട്ടുകൾ നേടി വിജയിച്ചു.
2019 ൽ എൻകെ പ്രേമചന്ദ്രനെ വീഴ്ത്താൻ അന്നത്തെ കൊല്ലം ജില്ലാ സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന എൻകെ ബാലഗോപാലിനെയായിരുന്നു എൽ ഡി എഫ് മത്സരിപ്പിച്ചത്. എന്നാൽ വീണ്ടും എൽ ഡി എഫ് പരാജയം രുചിച്ചു. അന്ന് 148856 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു എൻകെ പ്രേമചന്ദ്രന്റെ വിജയം. 499677 വോട്ടുകളായിരുന്നു അദ്ദേഹം നേടിയത്. 51.6 ശതമായിരുന്നു വോട്ട് വിഹിതം.
ഇത്തവണ മുകേഷിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നായിരുന്നു എൽ ഡി എഫ് അവകാശവാദം. മുകേഷിന്റെ താരപരിവേഷം ഗുണം ചെയ്യുമെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ എൻ കെ പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാൻ മുകേഷിന് സാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു യു ഡി എഫ്. ഇപ്പോഴിതാ നേതൃത്വത്തിന്റെ വിശ്വാസം തെറ്റില്ലെന്ന് തെളിയിക്കുകയാണ് ഫലസൂചനകൾ.












Click it and Unblock the Notifications